Kerala

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വരുമാനം ഏഴ് ബില്യന്‍ ഡോളര്‍ കടന്നു

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വരുമാനം വര്‍ദ്ധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ ഏഴു ബില്യന്‍ ഡോളറാണ് കടന്നിരിക്കുന്നത്. രൂപ മൂല്യത്തില്‍ 45,000 കോടിയിലധികമാണ് വരുമാനം.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.08 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന 13,77,244 ടണ്‍ സമുദ്രോത്പന്നമാണ് രാജ്യം കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവുമാണ് കയറ്റുമതിയിലെ പ്രധാന ഇനങ്ങള്‍. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 5.77 ബില്യന്‍ ഡോളര്‍ മൂല്യമുള്ള 11,34,948 ടണ്‍ മത്സ്യമാണ് കയറ്റുമതി ചെയ്തത്. ഡോളര്‍ മൂല്യത്തില്‍ 21.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

രൂപ മൂല്യത്തില്‍ 45,106.89 കോടി രൂപയാണ് 2017-18 സാമ്പത്തികവര്‍ഷത്തെ കയറ്റുമതി വരുമാനം. 2016-17 ല്‍ ഇത് 37,870.90 കോടി രൂപയായിരുന്നു. 19.11 ശതമാനത്തിന്റെ വര്‍ധനയാണ് രൂപ മൂല്യത്തിലും ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നം ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 32.76 ശതമാനവും അമേരിക്കയിലേക്കാണ്. ദക്ഷിണ പൂര്‍വേഷ്യയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണ പൂര്‍വേഷ്യയിലേക്ക് 31.59 ശതമാനം കയറ്റുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍(15.77%), ജപ്പാന്‍(6.29%), മധ്യപൂര്‍വേഷ്യ(4.10%), ചൈന(3.21%) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലേക്കുള്ള കയറ്റുമതി വിഹിതം.

അന്താരാഷ്ട്ര സമുദ്രോത്പന്ന വാണിജ്യത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ ഏറ്റവുമധികം ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവും കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ ഡോ. എ ജയതിലക് ചൂണ്ടിക്കാട്ടി. നയപരമായ പിന്തുണയുടെയും നവീന ഇടപെടലുകളിലൂടെയും 2022 ആകുമ്പോഴേക്കും സമുദ്രോത്പന്ന കയറ്റുമതി 10 ബില്യന്‍ ഡോളറാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഏറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു 2017-18 സാമ്പത്തിക വര്‍ഷം. ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നും സമുദ്രോത്പന്നം കൂടുതലായി അന്താരാഷ്ട്ര വിപണിയിലെത്തി. വിയറ്റ്‌നാം, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നും കയറ്റുമതി വര്‍ധിച്ചു. ചെമ്മീനിന്റെ വില ഇടിഞ്ഞതും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവുമെല്ലാം രാജ്യാന്തര വിപണിയെ ബാധിച്ചു. ഇവയെ തരണം ചെയ്താണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി വളര്‍ച്ച കൈവരിച്ചതെന്നും ഡോ. എ ജയതിലക് പറഞ്ഞു.

2017-18 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം കയറ്റുമതി വിഹിതം നേടിയ ഇനം ശീതീകരിച്ച ചെമ്മീനാണ്. ആകെ കയറ്റുമതിയുടെ 41.10 ശതമാനവും ഡോളര്‍ വരുമാനത്തിന്റെ 68.46 ശതമാനവും വരുമിത്. ചെമ്മീന്‍ കയറ്റുമതി അളവില്‍ 30.26 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 30.10 ശതമാനവും വളര്‍ച്ച കൈവരിച്ചു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 4,848.19 മില്യന്‍ ഡോളര്‍ മൂല്യമുള്ള 5,65,980 ടണ്‍ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 2,25,946 ടണ്‍ അമേരിക്കയിലേക്കായിരുന്നു. ദക്ഷിണ പൂര്‍വേഷ്യ(1,59,145 ടണ്‍), യൂറോപ്യന്‍ യൂണിയന്‍(78,426 ടണ്‍), ജപ്പാന്‍(33,828 ടണ്‍) മധ്യപൂര്‍വേഷ്യ(23,441 ടണ്‍) ചൈന(13,107 ടണ്‍) എന്നിങ്ങനെയാണ് കയറ്റുമതി.

വനാമി ചെമ്മീന്‍ കയറ്റുമതി 2016-17 ലെ 3,29,766 ടണ്ണില്‍ നിന്ന് 2017-18 ല്‍ 4,02,374 ടണ്ണായി ഉയര്‍ന്നു. കയറ്റുമതി അളവില്‍ 22.02 ശതമാനവും, ഡോളര്‍ മൂല്യത്തില്‍ 24.74 ശതമാനവും വളര്‍ച്ചയാണ് ഇതിനുണ്ടായത്. വനാമി ചെമ്മീന്‍ കയറ്റുമതിയുടെ 53 ശതമാനവും അമേരിക്കയിലേക്കായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി അളവ് 31.93 ശതമാനവും അതില്‍ നിന്നുള്ള ഡോളര്‍ വരുമാനം 33.03 ശതമാനവും വര്‍ധിച്ചു. ദക്ഷിണ പൂര്‍വേഷ്യ(21.03%) യൂറോപ്യന്‍ യൂണിയന്‍(11.31%), ജപ്പാന്‍(4.67%) മധ്യപൂര്‍വേഷ്യ(3%)ചൈന (1.35%) എന്നിങ്ങനെയാണ് വനാമി ചെമ്മീന്‍ കയറ്റുമതി വിഹിതം.

കാരച്ചെമ്മീനിന്റെ കയറ്റുമതി പ്രധാനമായും ജപ്പാനിലേക്കാണ്. ഇതില്‍ നിന്നുള്ള ഡോളവര്‍ വരുമാന വിഹിതം 43.18 ശതമാനമാണ്. അമേരിക്ക(20.07%) ദക്ഷിണ പൂര്‍വേഷ്യ(17.38%) എന്നിങ്ങനെയാണ് ഇതര ഡോളര്‍ വരുമാന വിഹിതം.

2017-18 സാമ്പത്തിക വര്‍ഷത്തിലെ ആകെ കയറ്റുമതിയുടെ 25.64 ശതമാനം ശീതീകരിച്ച മത്സ്യമാണ്. ഡോളര്‍ വരുമാനവിഹിതത്തിന്റെ 10.35 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്. ശീതീകരിച്ച മത്സ്യകയറ്റുമതിയില്‍ നിന്നുള്ള ഡോളര്‍ വരുമാനത്തില്‍ 9.03 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ ഒരു കിലോയില്‍ നിന്ന് ലഭിക്കുന്ന ഡോളര്‍ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. 2016-17 ല്‍ ഒരു കിലോ ശീതീകരിച്ച മത്സ്യത്തില്‍ നിന്നും 2.27 ഡോളര്‍ ലഭിച്ചപ്പോള്‍ 2017-18 ല്‍ അത് 8.39 ശതമാനം കുറഞ്ഞ 2.08 ഡോളറായി.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ശീതീകരിച്ച കൂന്തലിന്റെ കയറ്റുമതി അളവ് 1.51 ശതമാനം വര്‍ധിച്ചെങ്കിലും ഡോളര്‍ വരുമാനത്തില്‍ 4.79 ശതമാനവും രൂപമൂല്യത്തില്‍ 0.93 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി.

മറ്റ് ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. കയറ്റുമതി അളവില്‍ 38.71 ശതമാനവും രൂപ മൂല്യത്തില്‍ 15.90 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 12.27 ശതമാനവും കുറവായിരുന്നു ഇത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ശീതീകരിച്ച കണവയുടെ കയറ്റുമതി അളവില്‍ 9.26 ശതമാനവും രൂപ മൂല്യത്തില്‍ 21.19 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 26.35 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കണവയുടെ ഒരു കിലോ മൂല്യം 15.64 ശതമാനം വര്‍ധിച്ചു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉണക്കമീന്‍ കയറ്റുമതി അളവില്‍ 45.73 ശതമാനത്തിന്റെയും രൂപ മൂല്യത്തില്‍ 19.57 ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ ഡോളര്‍ മൂല്യത്തില്‍ 18.14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജീവനുള്ള സമുദ്രോത്പന്ന വിഭാഗത്തില്‍ കയറ്റുമതി അളവില്‍ 4.93 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍ രൂപ മൂല്യം 29.14 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 25.63 ശതമാനവും കുറവ് രേഖപ്പെടുത്തി.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത് അമേരിക്കയിലേക്കാണ്. 2320.05 മില്യന്‍ ഡോളറാണ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മൂല്യം. കയറ്റുമതി അളവില്‍ 31.37 ശതമാനവും, രൂപ മൂല്യത്തില്‍ 28.63 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 33.97 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ 95.03 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ പൂര്‍വേഷ്യയിലേക്കുള്ള ആകെ സമുദ്രോത്പന്ന കയറ്റുമതി അളവില്‍ 27.20 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 29.45 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഈ മേഖലയിലെ പ്രധാന വിപണി വിയറ്റ്‌നാമാണ്. ഇവിടേയ്ക്കുള്ള കയറ്റുമതിയില്‍നിന്ന് ലഭിക്കുന്ന ഡോളര്‍ വരുമാനത്തിന്റെ 79.29 ശതമാനവും വിയറ്റ്‌നാമില്‍നിന്നാണ് ലഭിക്കുന്നത്. തായ്‌ലാന്‍ഡ്(11.63%), തായ്വാന്‍(3.12%), മലേഷ്യ(2.57%), സിംഗപ്പൂര്‍(1.68%), ദക്ഷിണ കൊറിയ(1.51%) എന്നിങ്ങനെയാണ് ഡോളര്‍ വരുമാന വിഹിതം. വിയറ്റ്‌നാമാണ് ഏറ്റവുമധികം ഇന്ത്യന്‍ സമുദ്രോത്പന്നം ഇറക്കുമതി ചെയ്ത രാജ്യം. 4,13,518 ടണ്ണാണ് വിയറ്റ്‌നാം ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സമുദ്രോത്പന്നം. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തതിനേക്കാള്‍ അധികമാണിത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമുദ്രോത്പന്നം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ മേഖല യൂറോപ്യന്‍ യൂണിയനാണ്. 13.82 ശതമാനമാണ് യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വിഹിതം. ശീതീകരിച്ച ചെമ്മീനാണ് പ്രധാന കയറ്റുമതി ഉത്പന്നം. ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതി അളവില്‍ 1.62 ശതമാനവും രൂപ മൂല്യത്തില്‍ 1.19 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 5.38 ശതമാനവും വര്‍ധന യൂറോപ്യന്‍ യൂണിയന്‍ വിപണി രേഖപ്പെടുത്തി.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമുദ്രോത്പന്നം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വിപണി ജപ്പാനാണ്. ഇവിടേക്കുള്ള കയറ്റുമതിയില്‍ നിന്ന് ലഭിച്ച ഡോളര്‍ വരുമാന വിഹിതം 6.29 ശതമാനവും കയറ്റുമതി വിഹിതം 6.22 ശതമാനവുമാണ്. കയറ്റുമതി അളവ് 24.06 ശതമാനവും രൂപ മൂല്യം 8.58 ശതമാനവും, ഡോളര്‍ മൂല്യം 12.87 ശതമാനവും വര്‍ധിച്ചു. ജപ്പാനിലേക്കുള്ള പ്രധാന ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയും ശീതീകരിച്ച ചെമ്മീനാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി അളവില്‍ 9.37 ശതമാനത്തിന്റെയും ഡോളര്‍ മൂല്യത്തില്‍ 12.47 ശതമാനത്തിന്റെയും രൂപ മൂല്യത്തില്‍ 7.91 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി അളവ് 17.45%, രൂപ മൂല്യം 1.01%, ഡോളര്‍ വരുമാനം 5.26% എന്നിങ്ങനെ വര്‍ധിച്ചു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിശാഖപട്ടണം, കൊച്ചി, കൊല്‍ക്കത്ത, പിപ്പവാവ്, കൃഷ്ണപട്ടണം, ജെഎന്‍പി എന്നീ തുറമുഖങ്ങളില്‍ നിന്നാണ് സമുദ്രോത്പന്നം ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. എല്ലായിടത്തു നിന്നുമുള്ള കയറ്റുമതി കൂടിയെങ്കിലും കൊല്‍ക്കത്തയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആകെ 45,106.89 കോടി രൂപ (7,081.55 മില്യന്‍ ഡോളര്‍) വില വരുന്ന 13,77,244 ടണ്‍ സമുദ്രോത്പന്നമാണ് ഈ തുറമുഖങ്ങളില്‍ നിന്നായി കയറ്റി അയച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top