Kerala

മീനിലെ അമോണിയം, ഫോര്‍മാല്‍ഡിഹൈഡ് കണ്ടുപിടിക്കാന്‍ സിഫ്‌ടെസ്റ്റ് കിറ്റ്

വിഷമീന്‍ പ്രതിസന്ധി രൂക്ഷമായതോടെ മീനിലെ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുടെ മായം ത്വരിതഗതിയില്‍ തിരിച്ചറിയാനുള്ള ‘സിഫ്‌ടെസ്റ്റ്’ പരിശോധന കിറ്റുകള്‍ ലഭ്യമായി തുടങ്ങി. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) വികസിപ്പിച്ചെടുത്ത കിറ്റ് ഉപയോഗിച്ച് സാധാരണ ജനങ്ങള്‍ക്ക് പോലും മത്സ്യങ്ങളില്‍ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുടെ അംശം പെട്ടെന്ന് തന്നെ തിരിച്ചറിയാം.

സിഫ് ടെസ്റ്റ് കിറ്റ്‌

ചെറിയ പേപ്പര്‍ സ്ട്രിപ്പുകള്‍, രാസലായനി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ട് എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് സിഫ് ടെസ്റ്റ് കിറ്റ്. ഒരു സ്ട്രിപ്പിന് 2 രൂപ മാത്രമാണ് പരമാവധി വില. സിഫ്റ്റ് വികസിപ്പിച്ചെടുത്ത കിറ്റ് വിപണിയില്‍ പരിശോധിച്ച് നൂറ് ശതമാനം വിജയം കണ്ടു. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുമായി അടുത്ത് തന്നെ ധാരണാപത്രത്തില്‍ ഒപ്പിടും. ഇതോടുകൂടി രാസവസ്തുകലര്‍ന്നിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് തന്നെ പെട്ടെന്ന് തിരിച്ചറിയാമെന്ന് സിഫ്റ്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ അശോക് കുമാര്‍ കേരളവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.


മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള സംവിധാനം പാളയം മാര്‍ക്കറ്റില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പരിശോധിക്കുന്നു.  സമീപം ഡോ.കെ അശോക്  കുമാര്‍

കിറ്റ് ഉപയോഗിക്കേണ്ട വിധം വളരെ ലളിതമാണ്. വിപണിയില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ പുറംഭാഗങ്ങളില്‍ പേപ്പര്‍ സ്ട്രിപ്പ് മൂന്ന് നാല് പ്രാവശ്യം ഉരസുക. എന്നിട്ട് ഒരു തുള്ളി രാസലായനി പേപ്പര്‍ സ്ട്രിപ്പിലേക്ക് ഒഴിക്കുക. സ്ട്രിപ്പിന്റെ നിറം മാറുന്നതിനായി ഒന്ന്, രണ്ട് മിനിറ്റ് കാത്തിരിക്കണം. നിറം മാറ്റം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാസവസ്തുക്കള്‍ മീനില്‍ നിലനില്‍ക്കുന്നുണ്ടോയെന്നത് വ്യക്തമായി അറിയാനാവും.

രാസവസ്തുക്കള്‍ മീനില്‍ ചേര്‍ക്കുന്നത് പ്രധാനമായും മത്സ്യബന്ധനയിടങ്ങളിലും മല്‍സ്യകൃഷിയിടങ്ങളില്‍ നിന്നുമാണ്. ഗുണനിലവാരചട്ടങ്ങളനുസരിച്ച് ഐസ് അല്ലാതെ മറ്റ് രീതികളൊന്നും മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ മത്സ്യങ്ങളില്‍ ചേര്‍ത്ത് വരുന്ന ഫോര്‍മാല്‍ ഡിഹൈഡ്, അമോണിയ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തിച്ചേരുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

മാരകമായ അര്‍ബുദരോഗബാധയുണ്ടാക്കാന്‍ കാരണമായേക്കാവുന്ന ഒന്നാണ് ഫോര്‍മാല്‍ ഡിഹൈഡ്. അമോണിയ ചെറിയ തോതില്‍ തുടര്‍ച്ചയായി ശരീരത്തില്‍ പ്രവേശിക്കുന്നത് വായ, തൊണ്ട, അന്നനാളം, ആമാശയം എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ക്ക് കാരണമാവും.

കഴിഞ്ഞ ഒരുവര്‍ഷമായി സിഫ്‌റ് ഇത്തരത്തിലൊരു കിറ്റ് വികസിപ്പിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു. എന്നാല്‍ ഗവേഷണശാലയെന്ന നിലയില്‍ പരിമിതമായ സിഫ്‌ടെസ്റ്റ് കിറ്റുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കാന്‍ കഴിയുകയുള്ളൂ. വ്യാവയായികാടിസ്ഥാനത്തില്‍ ഉത്പാദനം പുരോഗമിക്കുമ്പോള്‍ ആവശ്യത്തിനനുസരിച്ചുള്ള കിറ്റ് വിപണിയിലെത്തും.

മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് സ്ഥാപിക്കാന്‍ നിരവധി മത്സ്യവ്യാപാരികളാണ് ഇപ്പോള്‍ സിഫ്റ്റിനെ സമീപിക്കുന്നത്. എന്നാല്‍ ആവശ്യാനുസരണമുള്ള കിറ്റ് നല്‍കാന്‍ സിഫ്റ്റിന് കഴിയുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള ഹാനികരമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ള പരിശോധന രീതികള്‍ നിലവിലുണ്ടെങ്കിലും ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നതുകൊണ്ട് ഭാവിയില്‍ സിഫ്‌ടെസ്റ്റ് കിറ്റിന് വലിയ ഡിമാന്റ് ഉണ്ടാവും.

‘നിലവിലുള്ള സാഹചര്യം പരിശോധിക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഈ കിറ്റുകള്‍ ഉപഭോക്താക്കള്‍, മത്സ്യവ്യാപാരികള്‍, സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായികള്‍ എന്നിവര്‍ക്ക് അനുഗ്രഹമായിരിക്കും. ജനങ്ങള്‍ ഒരു കാരണവശാലും മത്സ്യത്തിലെ രാസപദാര്‍ത്ഥങ്ങളെ സംബന്ധിച്ച് പരിഭ്രാന്തരാകരുത്’. സിഫ്റ്റിന്റെ ഗുണമേന്മ വിഭാഗം തലവന്‍ എ.എ സൈനുദ്ധീന്‍ കേരളവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top