agriculture

എം. പി. ഇ. ഡി. എ മത്സ്യ പ്രജനന കേന്ദ്രം വല്ലാര്‍പാടത്ത് ഒരുങ്ങുന്നു

എം. പി. ഇ. ഡി. എ ചെയര്‍മാന്‍ ഡോ. എ ജയതിലക് വല്ലാര്‍പാടത്ത് ആരംഭിക്കുന്ന മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്ററിലെ മത്സ്യങ്ങളെ പരിശോധിക്കുന്നു

കൊച്ചി: രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം. പി. ഇ. ഡി. എ) വല്ലാര്‍പാടത്ത് മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ സജ്ജീകരിക്കുന്നു. വല്ലാര്‍പാടത്ത്എം. പി. ഇ. ഡി. എയുടെ കീഴിലുള്ള എട്ടര ഏക്കറിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. വളരെ വാണിജ്യപ്രാധാന്യമുള്ള കാരച്ചെമ്മീന്‍, വറ്റ, കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, പച്ചഞണ്ട് എന്നിവയുടെ രോഗരഹിതമായ കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി ഇവിടെ നിന്നും നല്‍കിത്തുടങ്ങുന്നത്.

ഇവിടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 20 മില്യണ്‍ ശേഷിയുള്ള കാരച്ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രമാണ് പദ്ധതിയിലെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു കാലത്ത് ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ മുഖ്യ ആകര്‍ഷണമായിരുന്ന കാരച്ചെമ്മീന്‍ കൃഷിയുടെ പുനര്‍ജീവനവും ഇതിലൂടെ ലക്ഷ്യമിടുന്നതായി എം. പി. ഇ. ഡി. എ ചെയര്‍മാന്‍ ഡോ. എ ജയതിലക് വ്യക്തമാക്കി.

വിവിധ തരത്തിലുള്ള രോഗങ്ങളും വനാമി ചെമ്മീനിന്റെ വരവോടും കൂടി നമ്മുടെ തനതായ കാരച്ചെമ്മീന്‍ കൃഷി വലിയ ഭീഷണി നേരിടുകയാണ്. രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന വിലയുള്ള കാരച്ചെമ്മീന്‍ കൃഷിയ്ക്ക് ഏറ്റവും തടസ്സമായിട്ടുള്ളത് രോഗരഹിതമായിട്ടുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളുടെ അഭാവമാണ്. അതിനാല്‍ എം. പി. ഇ. ഡി. എയുടെ ഈ ചുവടു വയ്പ് ഇതേ രീതിയിലുള്ള മറ്റ് സെന്ററുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കുമെന്നും ഡോ. ജയതിലക് വ്യക്തമാക്കി.

രോഗരഹിതമായ കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാവശ്യമായ ലാബുകളും വളര്‍ത്തല്‍ കേന്ദ്രങ്ങളും ജലശുദ്ധീകരണ സംവിധാനങ്ങളും വല്ലാര്‍പാടത്ത് തയ്യാറായിക്കഴിഞ്ഞു. കടലില്‍ നിന്നും ലഭിക്കുന്ന തള്ള ചെമ്മീനുകളില്‍ നിന്നും രോഗരഹിതമായവയെ വേര്‍തിരിക്കുന്നതിനുള്ള ക്വാറന്റൈന്‍ സെന്റര്‍ ഉടന്‍ സജ്ജമാക്കുന്നതാണ്.

ഇതിനു പുറമെ ഇന്ത്യയിലെ തീരദേശ മേഖലകളിലും ഉള്‍നാടന്‍ ജലസംഭരണികളിലും വാണിജ്യപ്രാധാന്യമുള്ള വിവിധതരം മത്സ്യഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യം കൂടി എം. പി. ഇ. ഡി. എ മുന്നോട്ട് വയ്ക്കുന്നു. ഇന്ത്യയില്‍ വിവിധ ജലസംഭരണികളില്‍ കൂട് കൃഷിയിലൂടെയുള്ള ഗിഫ്റ്റ് തിലാപ്പിയ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലെ വര്‍ധിച്ചു വരുന്ന ആവശ്യകത ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് ഡോ. എ ജയതിലക് ഓര്‍മ്മപ്പെടുത്തി. ഇതിലേക്കായി വളരെ ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത നഴ്‌സറിയും എം. പി. ഇ. ഡി. എ സജ്ജമാക്കിയിട്ടുണ്ട്. ആറോളം പോളിത്തീന്‍ ലൈനിംഗ് ഉള്‍പ്പെടുന്ന പ്രസ്തുത നഴ്‌സറി യൂണിറ്റില്‍ ഏതുതരത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയും ഉയര്‍ന്ന സാന്ദ്രതയില്‍ വളര്‍ത്തുന്നതിനുള്ള സംവിധാനമുണ്ട്.

ഇതിലെല്ലാം ഉപരിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ എവിടേക്കും വളരെ പെട്ടന്നു തന്നെ ഇവിടെ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കാന്‍ സാധിക്കുമെന്നതും വല്ലാര്‍പാടത്തെ പ്രജനന കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top