Latest News

ചായക്കോപ്പയിലെ കൊടുങ്കാറ്റ് കെട്ടടങ്ങുമോ! രാജ്യസഭാസീറ്റ് വിവാദം പുകയുന്നതിനിടെ ഇന്ന് കെപിസിസി നേതൃയോഗം

കേരളകോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് നടക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയുടെ ബാക്കി കെപിസിസി നേതൃയോഗത്തിലുമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തെറ്റ് ഏറ്റുപറഞ്ഞ് ചെന്നിത്തല രംഗത്ത് വന്നത് അല്‍പ്പമൊന്ന് തണുപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും നന്നല്ല. എന്നാല്‍ ആന്ധ്രയിലേക്ക് പോയ ഉമ്മന്‍ചാണ്ടി ഇന്നത്തെ നേതൃയോഗത്തിലും പങ്കെടുക്കില്ല.

അതേസമയം മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ച യുവ എം.എല്‍.എമാര്‍ക്കെതിരായും യോഗത്തില്‍ വിമര്‍ശനമുണ്ടാകും. ഇന്നലെ നടന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലും യുവ എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അതിരുവിട്ട വിമര്‍ശനങ്ങള്‍ ശരിയായില്ലെന്ന് എം.എം.ഹസനും കെ.സി.ജോസഫും പി.സി.വിഷ്ണുനാഥും പറഞ്ഞു.

ഇതിനിടെ മുല്ലപ്പളളി രാമചന്ദ്രനെ അനൂകൂലിച്ചുളള പോസ്റ്ററുകള്‍ ഇന്ദിരാഭവന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ‘കറപുരളാത്ത മുല്ലപ്പളളിയെ ഇന്നത്തെ കോണ്‍ഗ്രസിന് ആവശ്യം’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ട്. എന്നാല്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍, നേതാക്കന്‍മാരോടുളള അണികളുടെ പ്രത്യേക താല്‍പ്പര്യമോ നേതാക്കളുടെ തന്നെ താല്‍പ്പര്യമോ ആയി മാത്രമെ നേതൃത്വം വിലയിരുത്തുളളു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top