Kerala

മരണം വരെ കെവിന്റെ ഭാര്യയായിരിക്കുമെന്ന് നീനു

കെവിന്റെ അച്ഛന്‍ ജോസഫിന്റെ ഒപ്പം നീനു

കേരള മനസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന നീനുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ അവ്യക്തമായിരുന്നുവെങ്കിലും കടുത്ത നിശ്ചയ ദാര്‍ഢ്യം പ്രകടമായിരുന്നു. കല്യാണം രജിസറ്റര്‍ ചെയ്ത ദിവസം പിന്നിടുമ്പോള്‍ മരണവാര്‍ത്തയറിഞ്ഞ 20 വയസ്സുകാരി പെണ്‍കുട്ടി പറഞ്ഞത് കെവിന്റെ ഭാര്യയായി മരണം വരെ തുടരുമെന്നാണ്.

തന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്റെ അച്ഛന്‍ ജോസഫിന്റെ ചുമലില്‍ തലചായ്ച്ച് കണ്ണീരോടെ ഭര്‍ത്താവിന്റെ ഘാതകര്‍ സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും അമ്മാവന്മാരുമാണെന്ന് പറയാനുള്ള ധൈര്യം നീനു എന്ന പെണ്‍കുട്ടി കാണിച്ചു.

ഒരു വീട് വയ്ക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു കെവിന്റെ സ്വപ്‌നം. ഇരുചക്ര വാഹന മെക്കാനിക്കായ ജോസഫിന്റെ തുച്ഛമായ വരുമാനം കൊണ്ട് വാടക വീടിന്റെ വാടക നല്‍കാനും കഷ്ടിച്ച് ജീവിച്ച് പോകാനും മാത്രമാണ് ഈ കുടുംബത്തിന് കഴിഞ്ഞിരുന്നത്. വലിയ സൗഹൃദവലയമൊന്നും കെവിന് ഉണ്ടായിരുന്നില്ല. കഠിന പ്രയന്തത്തിലൂടെ ജീവിതം കരുപ്പിടിക്കാനും നീനുവിനെ സ്വന്തമാക്കണമെന്ന കൊച്ച് സന്തോഷം നീനവിനോട് മാത്രം ഇടയ്ക്ക് പങ്കുവയ്ക്കുമായിരുന്നു.

നീനുവിന്റെ ബന്ധുക്കള്‍ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് കെവിന് ആശങ്കയുണ്ടായിരുന്നു. ഈ ഭീഷണിയെ സംബന്ധിച്ച് പലപ്രാവശ്യം നീനു തന്നെ കെവിനെ മൊബൈല്‍ ഫോണിലൂടെ അറിയിച്ചിരുന്നു.

നീനുവിന്റെ ക്രിമിനല്‍ പശ്ചാത്തലമുള്ള സഹോദരന്‍ ഷൈന്‍ ചാക്കോ കെവിനെ അപായപ്പെടുത്തുമെന്ന് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കെവിനെ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയതും നീനുവിനെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.

തിങ്കളാഴ്ച രാവിലെ കെവിന്റെ മരണവാര്‍ത്തയെത്തുമ്പോള്‍ നീനു കെവിന്റെ വീട്ടിലായിരുന്നു. തളര്‍ന്നവശയായ നീനുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രിപ്പിട്ട് ആശുപത്രിയില്‍ കഴിഞ്ഞ നീനുവിന് കൂട്ടിരുന്നത് കെവിന്റെ അച്ഛന്‍ ജോസഫായിരുന്നു. നീനുവിന്റെ അച്ഛനാണ് ഈ ദുരഭിമാനക്കൊലയുടെ സൂത്രധാരന്‍ എന്നത് വിധിയുടെ മറ്റൊരു വൈരുധ്യമാണ്.

ക്രൈസ്തവ സമുദായംഗമായ നീനുവിന്റെ അമ്മ മുസ്ലിം സമുദായക്കാരിയാണ്. ഇരുവരുടേയും പ്രേമ വിവാഹമായിരുന്നു. ദളിത് ക്രൈസ്തവനായ കെവിനെ ദുരഭിമാന കൊല നടത്തിയ നീനുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വ്യത്യസ്ത സമുദായങ്ങളാണെന്ന് മറ്റൊരു യാഥാര്‍ഥ്യം. ഇരുപത് വയസ്സ് മാത്രമുള്ള മകളെ വൈധവ്യത്തിലേക്ക് തള്ളിവിടുകയും മകനെ കൊലക്കേസില്‍ പ്രതിയാക്കാന്‍ മടിക്കാത്ത മാതാപിതാക്കളുടെ മാനസികാവസ്ഥ കേരള മനസാക്ഷി എങ്ങനെ വിലയിരുത്തും.

കെവിന്റെ ശവമഞ്ചത്തില്‍ അലമുറയിട്ട് വീണ് കരയുന്ന ഒരിരുപത് വയസ്സുകാരിയുടെ ടെലിവിഷന്‍ ചിത്രം വിതുമ്പലോടെ മാത്രമേ അമ്മമാര്‍ക്ക് ഇപ്പോള്‍ നോക്കിക്കാണാന്‍ കഴിയൂ. ചെറുപ്രായത്തില്‍ തന്നെ വിധവയായ നീനുവിന്റെ ഭാവി ജീവിതം ഇനിയെന്താവും ? ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ക്രിമിനല്‍ സംഘവും അവര്‍ക്ക് ഒത്താശ ചെയ്യുന്ന നിഷ്‌ക്രിയ പോലീസ് സംഘവും കേരളത്തിന് പേടിസ്വപ്‌നമാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top