agriculture

നീര പ്രതിസന്ധി താല്‍ക്കാലികം ; മറികടക്കാന്‍ വഴികളേറെ

നീര കര്‍ഷക കൂട്ടായ്മയും നിര്‍മാണ വ്യവസായികളും നീര ഉത്പന്നത്തിന് വിപണിയില്ലാതെ വിഷമിക്കുന്ന താത്ക്കാലിക പ്രതിസന്ധി താമസിയാതെ പരിഹരിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

നീരയെ രക്ഷിക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. നീര ഉത്പാദന സംഘങ്ങളുമായി മെയ് 15ന് ചര്‍ച്ച നടത്തും. ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ വിപണനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടും.

ഉത്പാദന സംഘങ്ങള്‍ക്ക് പുറമേ നാളികേര വികസനബോര്‍ഡും കാര്‍ഷിക സര്‍വകലാശാലയിലെ പ്രതിനിധികളും 15ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് 29 നീര കര്‍ഷക,ഉത്പാദന സംഘങ്ങളാണ് നിലവിലുള്ളത്. ഇവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നം 8 ഓളം നിര്‍മാണ യൂണിറ്റുകളിലൂടെയാണ് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത്.

2014ല്‍ നീര ഉത്പാദക സംഘങ്ങള്‍ക്ക് ലൈസന്‍സ് കിട്ടുമ്പോള്‍ ഒരാഴ്ച 10000 ലിറ്റര്‍ നീരയാണ് കേരളത്തില്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉത്പാദനം 5000- 4000 ലിറ്ററായി ചുരുങ്ങി.

നീര

വിപണിയില്ലാതെ നീര ഉത്പാദകര്‍ അഭിമുഖീകരിക്കുന്ന ഇന്നത്തെ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. ഗുണനിലവാരവും വിപണനവും മാത്രമല്ല രുചി പോലും പലതാണ്. രുചി വ്യത്യാസം കാരണം ഉപഭോക്താക്കള്‍ വീണ്ടും നീര കുടിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഇതിന് പുറമേ നീര കൈകാര്യം ചെയ്യാന്‍ ആവശ്യത്തിന് ടെക്‌നീഷ്യന്‍മാരില്ല. ടെക്‌നീഷ്യന്‍മാര്‍ക്ക് വേണ്ടത്ര സാങ്കേതിക പരിചയമില്ലെന്നത് മറ്റൊരു ന്യൂനതയാണ്. – നീര കേരളവിപണിയില്‍ എത്തിയതുമുതല്‍ സശ്രദ്ധം നിരീക്ഷിക്കുന്ന നാളികേര വികസനബോര്‍ഡിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് കെഎസ് സെബാസ്റ്റിയന്‍ കേരളവിഷന്‍ ഓണ്‍ലൈനോട് വിശദമാക്കി.

നീര ഉത്പാദനം അതീവ ജാഗ്രതവേണ്ട മേഖലയാണ്. നമ്മുടെ നീര ടെക്‌നീഷ്യര്‍ക്ക് ഇവ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക പരിചയമുണ്ടായിരുന്നില്ല. ഇത് മൂലം ഗുണനിലവാരമില്ലാത്ത നീര, ഉപോല്‍പ്പന്നമായ വിനാഗിരി പോലെയുള്ള കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളാക്കി മാറ്റേണ്ടി വന്നു. ഇതോടെ നീര ഉത്പാദനവും വിപണനവും ആദായകരമല്ലാതായി മാറി. ലാഭക്ഷമത കുറഞ്ഞതോടെ കര്‍ഷകരം നീര ടെക്‌നീഷ്യന്‍മാരും നിര്‍മാതാക്കളും പ്രതിസന്ധിയിലായി.

നീര ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് 20 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മിക്ക കമ്പനികളും നീര ഉത്പാദനം ലാഭകരമല്ലാത്തത് കൊണ്ട് വെളിച്ചെണ്ണ പോലെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചാണ് പിടിച്ചു നില്‍ക്കുന്നത്. ചില കമ്പനികള്‍ മറ്റ് ചില മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്.

കേരളത്തിന് വന്‍ സാധ്യതയെന്ന നിലയില്‍ പ്രതീക്ഷയോടെ ആരംഭിച്ച നീര വ്യവസായം കടുത്ത വിപണന പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിലും ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സെബാസ്റ്റിയന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘ നീര കമ്പനികള്‍ എന്ന് പൊതുവേ അറിയപ്പെടുന്നുണ്ടെങ്കിലും കമ്പനികള്‍ക്ക് മറ്റ് ഉത്പന്നങ്ങളും ഇതോടൊപ്പം നിര്‍മിക്കാവുന്നതാണ്. നീര കമ്പനികള്‍ നീര ഉത്പാദിപ്പിക്കുന്നതില്‍ കൂടുതല്‍ നിലവാരം പുലര്‍ത്തി നിര്‍മിച്ചാല്‍ നീര തന്നെയാണ് ആദായകരം. ഏത് ഉത്പന്നത്തിലും ഉപരി ഗുണനിലവാരം കര്‍ശനമായി പുലര്‍ത്തിയാല്‍ നീര തന്നെയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്ന ഉത്പന്നം.

കോള്‍ ചെയിന്‍ മുഖേനയുള്ള നീര ഉത്പാദനം നടത്തിയാല്‍ കൂടുതല്‍ ഗുണനിലവാരം കൈവരിക്കാന്‍ കഴിയും. പക്ഷെ നിക്ഷേപം കൂടുതല്‍ വേണം. ഈ പ്രക്രിയയില്‍ ആന്റി ഫെര്‍മന്റേഷന്‍ സൊല്യൂഷന്‍ ഒന്നും ചേര്‍ക്കാതെ ഒറിജിനല്‍ നീര ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം നീരക്ക് നിര്‍മാണച്ചെലവ് വര്‍ധിക്കുമെങ്കിലും ആവശ്യക്കാര്‍ കൂടും. ഈ വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള കോള്‍ഡ് ചെയിന്‍ പ്രക്രിയയിലുള്ള ശ്രമം ആരംഭിക്കും. നീരയുടെ ഭാവി സാധ്യതകള്‍ വിലയിരുത്തി സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.

നീരയെ ഒരു തരത്തിലും തള്ളിക്കളയേണ്ടതില്ല. മികച്ച നീര ടെക്‌നീഷ്യന്‍മാര്‍ വരുന്നതോടെ ഉത്പന്നത്തിന്റെ ഗുണനിലവാരം വര്‍ധിക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും. ഇന്നത്തെ 5000 ലിറ്റര്‍ എന്ന ഉത്പാദനം ഒരു ബിവറേജ് വിപണിയെ സംബന്ധിച്ച് പരിമിതമാണ്. 2016-17 കാലയളവില്‍ ജനങ്ങള്‍ക്കിടയില്‍ നീരയെ സംബന്ധിച്ച് ലഭിച്ച പ്രചരണം മുതലെടുക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല , സോഫ്റ്റ് ഡ്രിംങ്ക്‌സ് കമ്പനികള്‍ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ പരസ്യകോലാഹലത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീരക്ക് പരസ്യക്യാംപയിനും ആവശ്യമാണ്. കമ്പനികളുടെ പ്രാരംഭ നിക്ഷേപമാണ് ഇപ്പോള്‍ അവരെ വീര്‍പ്പുമുട്ടിക്കുന്നത്. നിക്ഷേപവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ നീര ഉത്പാദനം അത്രകണ്ട് ലാഭകരമല്ല.

നീര കയറ്റുമതിയുടെ സാധ്യതകളും നാളികേര വികസന ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. ചില വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രാരംഭ അന്വേഷണവും വന്നിട്ടുണ്ട്. പക്ഷെ ഗുണനിലവാരത്തില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ പുലര്‍ത്തിയില്ലെങ്കില്‍ കയറ്റുമതിക്ക് ശോഭനമായ ഭാവിയുണ്ടാവില്ല.

നീര വിപണനത്തിന്റെ പ്രതിസന്ധി താത്ക്കാലികമാണ്. ഗുണനിലവാരം നിര്‍മാതാക്കള്‍ കര്‍ക്കശമാക്കുകയും നീര ടെക്‌നീഷ്യന്മാര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍, കാര്‍ഷിക സ്ഥാപനങ്ങള്‍ മുന്നോട്ട് വരികയും ചെയ്താല്‍ അനന്തമായ സാധ്യതകളാണ് ഇനിയും നീരയ്ക്കുള്ളത്. തെങ്ങില്‍ നിന്ന് കര്‍ഷകര്‍ക്ക് ഏറെ ആദായം ലഭിക്കുമെന്ന് കരുതിയാണ് പല കര്‍ഷകരും 2014 മുതല്‍ നീര ഉത്പാദന രംഗത്തേക്ക് കടന്നുവന്നത്. ഉത്പാദനവും വിതരണവും വിപണനവും പരാജയമായതോടെ കേരളത്തിലെ നീര താത്ക്കാലിക പ്രതിസന്ധിയിലായിരിക്കുകയാണ്. കേരള സര്‍ക്കാര്‍ പ്രായോഗിക സമീപനം സ്വീകരിച്ച് നിരക്ക് താങ്ങായാല്‍ കേരളത്തിന്റെ നീര അഭിമാനകരമായ നേട്ടമായി മാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top