Kerala

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍; നിലപാട് കടുപ്പിച്ച് സുപ്രിംകോടതി, വാദം ജൂലൈയില്‍

കണ്ണൂര്‍, കരുണ ബില്ലില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയതിനൊപ്പം ബില്ല് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. ജൂലൈ മൂന്നാം വാരം കേസില്‍ വാദം കേള്‍ക്കും.

ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയത് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വര്‍ഷം ഈ കോളജുകളിലെ പ്രവേശനവും സുപ്രീം കോടതി തടഞ്ഞു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി. ഈ വിധി മറികടക്കുന്നതിനാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി ശക്തമായ നിലപാടെടുത്തോടെ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top