sunday feature

പിജി സുധ; കുട്ടമ്പുഴ ആദിവാസി ഊരിലെ കാക്കിയിട്ട മാലാഖ

മാവേലി പോലും മലകേറി വരാന്‍ മടിക്കുന്ന കുട്ടമ്പുഴയിലെ ആദിവാസി കോളനിയില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയ പിജി സുധ എന്ന ഫോറസ്റ്റ് ഓഫീസര്‍ ഇന്ന് കേരളത്തിന്റെ അഭിമാന താരമാണ്. സമ്പൂര്‍ണ തുറസ്സായ മലവിസര്‍ജന രഹിത സംസ്ഥാനം എന്ന നേട്ടം കേരളത്തിന് നേടിത്തന്നതിനൊപ്പം, സ്ത്രീ അബലയല്ല എന്ന വലിയ സത്യം കൂടിയാണ് സുധ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്

വന്യമൃഗങ്ങള്‍ നിറഞ്ഞ ഘോരവനത്തിലൂടെ ഏറെ ദൂരവും തലച്ചുമടായാണ് അവര്‍ നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചത്. തൊഴിലാളികള്‍ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ പിജി സുധ എന്ന ഫോറസ്റ്റ് ഓഫീസര്‍. അമ്പതാം വയസിലും സുധയെ തളര്‍ത്താതെ മുന്നോട്ട് നയിച്ചത് ഉറച്ച ചില തീരുമാനങ്ങളാണ്.

വര്‍ഷമിത്ര കഴിഞ്ഞിട്ടും കുട്ടമ്പുഴ പഞ്ചായത്തിലെ ഒമ്പത് ആദിവാസി കോളനികളിലും ശൗചാലയമില്ല. അവിടുത്തെ കുട്ടികളുടെ ആരോഗ്യം കണ്ടാല്‍ മനസിലാകുമായിരുന്നു ശൗചാലയമില്ലാത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്. അധികൃതര്‍ പതിവ് പല്ലവികളില്‍ ഉത്തരവാദിത്വം ഒഴിഞ്ഞപ്പോള്‍ വിട്ടുകൊടുക്കാന്‍ സുധ തയ്യാറല്ലായിരുന്നു.

കുട്ടമ്പുഴ ആദിവാസി ഊരിലെ കുട്ടികള്‍

റോഡില്ലാത്ത ഈ ഈ ആദിവാസി ഊരിലേക്ക് മൂന്ന് മണിക്കൂറോളം നടന്നാല്‍ മാത്രമാണ് എത്തിച്ചേരാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ കക്കൂസ് പണിയുക അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല ടൗണില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ കോളനിയില്‍ എത്തിക്കുമ്പോള്‍ വില അഞ്ചു മടങ്ങിലും അധികമാകും. അതുകൊണ്ടു തന്നെ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ വന്നതുമില്ല. എന്നാല്‍ തന്റെ ശ്രമം ഉപേക്ഷിക്കാന്‍ സുധ തയ്യാറായില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴില്‍ വനസംരക്ഷണ സമിതിയുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പണി ആരംഭിച്ചു. 2016 ആഗസ്റ്റില്‍ തുടങ്ങിയ നിര്‍മ്മാണം മൂന്ന് മാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി. വാരിയം, കുഞ്ചിപ്പാറ, ഉറിയംപെട്ടി തുടങ്ങി 9 കോളനികളില്‍ 497 ടോയ്‌ലറ്റുകളാണ് ഈ കാലയളവില്‍ സുധയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചത്.

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സുധയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നീട് അവാര്‍ഡ് നല്‍കി ആദരിച്ചു. 2016ല്‍ രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നും നാരി ശക്തി പുരസ്‌കാരവും സുധയ്ക്ക് ലഭിച്ചു.

നാട്ടിലെ പൊതു ശൗചാലയങ്ങളിലെ ശോച്യാവസ്ഥ ദയനീയമായി തുടരുമ്പോഴാണ് സുധ എന്ന ഫോറസ്റ്റ് ഓഫീസറുടെ പ്രസക്തി. കിലോമീറ്ററുകളോളം കാടിനുളളിലൂടെ നടന്ന് ആദിവാസി ഊരിലെ ജനങ്ങള്‍ക്ക് സുധ ടോയ്‌ലറ്റ് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ വ്യക്തി ശുചിത്വത്തിന്റെ വലിയൊരു മാതൃകയാണ് അവര്‍ കാട്ടിത്തന്നത്. എന്നാല്‍ നാട്ടിലെ പൊതു കക്കൂസുകളെ പൊതുവായി മാത്രം കണ്ട് വൃത്തിഹീനമാക്കുമ്പോള്‍, കാടിനകത്ത് ആദിവാസി ഊരില്‍ സുധ നിര്‍മ്മിച്ച് നല്‍കിയ ശൗചാലയം ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം അവര്‍ മനസിലാക്കിയെന്ന് മാത്രമല്ല പുതു തലമുറയിലെ കുട്ടികള്‍ ആരോഗ്യമുളളവരായി വളരുകയും ചെയ്യുന്നു. ഇതാണ് തനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയതെന്ന് സുധ പറയുന്നു.

സര്‍ക്കാരിന് പേരുദോഷം കേള്‍പ്പിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുകയാണ് പിജി സുധ എന്ന ഫോറസ്റ്റ് ഓഫീസര്‍. ഒപ്പം സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പുരുഷ കേസരികള്‍ക്ക് മുന്നില്‍ സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിരൂപവും കൂടിയാകുന്നു സുധ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top