തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലുമാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. നിലവിലുള്ള 14 പേരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി. സെക്രട്ടറിയേറ്റിലെ അംഗസംഖ്യ പതിനാറാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വിവി ദക്ഷിണാമൂര്‍ത്തി മരണപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ ഒരു ഒഴിവ് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായിരുന്നത്. എന്നാല്‍ മെമ്പര്‍ഷിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ അംഗസഖ്യ പതിനാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെയാണ് പി.രാജീവിനെയും കെ.എന്‍.ബാലഗോപാലിനെയും ഉള്‍പ്പെടുത്തി അംഗസംഖ്യ പതിനാറാക്കി ഉയര്‍ത്തിയത്.
അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചില്ല. ജയരാജന്റെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള സമീപകാല വിവാദങ്ങളാണ് ജയരാജന് തിരിച്ചടിയായതെന്നാണ് സൂചന. രാവിലെ നടന്ന പിബി അംഗങ്ങളുടെ യോഗത്തിന് ശേഷം സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗം കൂടി ചേര്‍ന്നാണ് പുതിയ അംഗങ്ങളെ തീരുമാനിച്ചത്.