കൊച്ചി: കലൂരില്‍ മെട്രോ റെയിലിനോട് ചേര്‍ന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെട്രോ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേയുണ്ടാകൂ. സുരക്ഷയുടെ ഭാഗമായാണ് മെട്രോ സര്‍വീസ് താല്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കെട്ടിടമാണ് ഇന്നലെ രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞുതാഴ്ന്നത്. 30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീഴുകയും 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിയുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിങ്ങും നിര്‍ത്തിവെച്ചു.
മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.