Home app

പ്രകൃതി ചിത്രങ്ങള്‍ ബാക്കിയാക്കി സലീം പുഷ്പനാഥ് വിടവാങ്ങി

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലെ മനോഹര ചിത്രങ്ങളും വേറിട്ട സചിത്ര വിനോദസഞ്ചാര പുസ്തകങ്ങളും രചിച്ച് ശ്രദ്ധേയനായ സലീം പുഷ്പനാഥ് അന്തരിച്ചു. കുമളിയിലെ സ്വന്തം റിസോര്‍ട്ടായ ആനവിലാസത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. പ്രമുഖ ക്രൈം നോവലിസ്റ്റായിരുന്ന കോട്ടയം പുഷ്പനാഥിന്റെ മകനാണ്.

കേരളത്തിലെ പ്രമുഖ റിസോര്‍ട്ടുകളുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ പകര്‍ത്തി വിവരങ്ങള്‍ സഹിതം ബ്രോഷറുകള്‍ തയ്യാറാക്കുന്നതില്‍ സലീമിന്റെ വൈദഗ്ദ്ധ്യം വിദേശവിനോദ സഞ്ചാരികള്‍ പോലും അംഗീകരിച്ചിരുന്നു. കേരളത്തിലെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് അന്താരാഷ്ട്രതലത്തില്‍ സംസ്ഥാനത്തിന്റെ ടൂറിസം പെരുമ അറിയിച്ചതിന്റെ ക്രെഡിറ്റ് സലീമിനവകാശപ്പെട്ടതായിരുന്നു.

സലീം പകര്‍ത്തിയ പ്രകൃതിമനോഹരമായ ചിത്രം

പ്രകൃതിയേയും വന്യജീവിതത്തെയും നെഞ്ചിലേറ്റി സ്‌നേഹിച്ചിരുന്ന സലീമിന്റെ ഫോട്ടോകളിലെല്ലാം ജീവന്‍ തുടിച്ച് നിന്നിരുന്നു. ടൂറിസം സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് മികച്ച ചിത്രങ്ങള്‍ സ്വന്തമായി പകര്‍ത്തി സലീം പ്രസിദ്ധീകരിച്ച പുസ്തകങ്ങളെല്ലാം അന്താരാഷ്ട്രതലങ്ങളില്‍ ശ്രദ്ധേയമാണ്. അണ്‍സീന്‍ കേരള, റൊമാന്‍സിങ് കേരള, സൗത്ത് ഇന്ത്യ, ഫ്‌ളേവേഴ്‌സ് ഓഫ് കേരള, ഇന്ത്യന്‍ സ്‌പൈസസ്, ഇന്ത്യന്‍ ഹെര്‍ബ്‌സ്, ആയുര്‍വ്വേദ ആന്‍ഡ് അദേഴ്‌സ് തുടങ്ങിയ 16 ഓളം സചിത്ര പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സലീം. കേരള വിനോദ സഞ്ചാര മേഖലയുടെ ആത്മാവ് കണ്ടറിഞ്ഞ് വിവരങ്ങളും മനസ്സില്‍ മായാത്ത ചിത്രങ്ങളും സമ്മാനിച്ച പ്രതിഭയാണ് വിടവാങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top