ദക്ഷിണാഫ്രിക്കയുടെ അമ്മ, വര്‍ണവിവേചനത്തിനെതിരെ പോരാടിയ ധീരവനിത തുടങ്ങിയ വിശേഷണങ്ങള്ക്കതീതയായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്സന് മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല. ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കാനാവുന്നതല്ല ആ ജീവിതം. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ തിങ്കളാഴ്ച്ചയായിരുന്നു വിന്നി മണ്ടേലയുടെ അന്ത്യം. ദീര്‍ഘാകാലമായി അസുഖ ബാധിതയായിരുന്നു.
1936ല്‍ ബിസാനയില് ജനിച്ച വിന്നി മണ്ടേല 22 വയസുള്ളപ്പോഴാണ് നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ല്‍ വിവാഹിതരായ ഇരുവര്‍ക്കും അധികകാലം ഒരുമിച്ച് കഴിയാന്‍ സാധിച്ചില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തു. നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം വര്‍ണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിര്‍ത്തി വിന്നി മണ്ടേല സജീവസാന്നിദ്ധ്യമായി.
പലതവണ ജയിലിലടയ്ക്കപ്പെടുകയും വീട്ടുതടങ്കലിലാവുകയും ചെയ്ത വിന്നി ഏകാന്തതടവും അനുഭവിച്ചു. എങ്കിലും ഭര്‍ത്താവിന്റെ മോചനത്തിനുവേണ്ടി പോരാടി. 38 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 1996ല്‍ ഇരുവരും വിവാഹമോചിതരായി. നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വിന്നി മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1994 ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായി.