മാഫിയകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മരണദണ്ഡന വിധിക്കുന്ന അധമശക്തികള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. മണല്‍ മാഫിയയ്ക്ക് എതിരെ വാര്‍ത്ത നല്കിയ സന്ദീപ് ശര്‍മ എന്ന 35 കാരനേയാണ് ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയത്. മണല്‍ മാഫിയയ്ക്ക് എതിരെ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത സന്ദീപിനെ മധ്യപ്രദേശിലെ ബിദ്ര് ജില്ലയിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുപയോഗിച്ച ട്രക്കും ട്രക്ക് ഓടിച്ച ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സന്ദീപ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ ട്രക്ക് ഇടിപ്പിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ലഭിച്ചത് കാരണം ആസൂത്രത കൊലപാതകമാണിതെന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. മണല്‍ മാഫിയയ്ക്ക് എതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സന്ദീപ് പോലീസിന് പരാതി നല്‍കിയിരുന്നു. മണല്‍ മാഫിയയുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്കിയ റിപ്പോര്‍ട്ടാണ് സന്ദീപിനെ കൊലപ്പെടുത്താന്‍ മാഫിയയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ അരഡസന്‍ പോലീസുകാരേയും മാധ്യമ പ്രവര്‍ത്തകരേയും മധ്യപ്രദേശില്‍ മണല്‍ മാഫിയ കൊലപ്പെടുത്തിയിട്ടുണ്ട്. 1992നു ശേഷം പല സംഭവങ്ങളില്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ 44 മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയിലാകമാനം കൊല്ലപ്പെട്ടിട്ടുണ്ട്.