കൊച്ചി: കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് ജിസിഡിഎ ചെയര്മാന് സിഎന്‍ മോഹനന്. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മാത്രമേ നടത്താവൂ എന്ന അഭിപ്രായം ശരിയല്ല. കലൂര്‍ സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള ടര്ഫിന് കേടുപാടുകള്‍ വരാതെ ക്രിക്കറ്റ് പിച്ച് ഒരുക്കാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം ആരായുമെന്നും സിഎന്‍ മോഹനന് വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനം എടുക്കുകയെന്നും സിഎന്‍ മോഹനന് പറഞ്ഞു. ഐഎസ്എല്‍ മത്സരക്രമം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ ആശയ വ്യക്തത കൈവരും. എല്ലാ മത്സരങ്ങളും നമുക്ക് വേണമെന്നും ജിസിഡിഎ കൂട്ടിച്ചേര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്ബോള്‍ അസോസിയേഷനും ജിസിഡിഎയും നടത്തിയ സംയുക്ത ചര്‍ച്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജിസിഡിഎ ചെയര്മാന് നിലപാട് വ്യക്തമാക്കിയത്.