Ernakulam

കുമ്പളം വീപ്പ കൊലപാതകം; ശകുന്തളയുടെ മകളെ നുണപരിശോധനയ്ക്ക് വിധേയയാക്കും

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. മൃതദേഹം ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണെന്നും കൊല നടത്തിയത് മകളുടെ സുഹൃത്ത് സജിത്താണെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ശകുന്തളയുടെ മകള്‍ അശ്വതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കും. കൊലപാതകത്തെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നോ എന്നറിയാനാണ് പരിശോധന. അശ്വതിയുടെ മൊഴികളിലെ വൈരുധ്യം സംശയത്തിനിടയാക്കിയിട്ടുണ്ട്.

കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകവുമായി സജിത്തിന്റെ മരണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകളും സജിത്തും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് വ്യക്തമായി. വിവാഹിതനായിരുന്ന സജിത്തിന് തന്റെ മകളുമായി ഉണ്ടായിരുന്ന ബന്ധം ശകുന്തള ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഈ വിവരം ശകുന്തള സജിത്തിന്റെ വീട്ടില്‍ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഉണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വീപ്പയ്ക്കുള്ളില്‍ മൃതദേഹമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്. സയനൈഡ് ഉള്ളില്‍ചെന്നാണ് സജിത്ത് മരിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top