Home app

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യോഗി ആദിത്യനാഥിന് വീണ്ടും തിരിച്ചടി ; ചലോ ലഖ്‌നൗ കര്‍ഷക മാര്‍ച്ച് ഇന്ന്

കഴിഞ്ഞ ദിവസങ്ങളിലാണ് മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാറിനെ മുട്ടുകുത്തിച്ചൊരു ഐതിഹാസിക സമരം ഇന്ത്യ കണ്ടത്. സിപിഐഎമ്മിന്റെ
പോഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുബൈയിലേക്ക് കാല്‍നട മാര്‍ച്ച് നടത്തുകയായിരുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്കുള്ള കേവലം കിലോമീറ്ററുകള്‍ മാത്രമായിരുന്നില്ല, ആത്മഹത്യാക്കുരുക്കിന്റെ തുമ്പില്‍ നിന്നും ജീവിതത്തിലേക്കാണ് സര്‍വ സഹനങ്ങള്‍ക്കുമൊടുവില്‍ ആ അരലക്ഷം ജീവനുകള്‍ മാര്‍ച്ച് ചെയ്തു കയറിയത്. ആറുനാള്‍ നീണ്ട സമരത്തിനൊടുവില്‍ വിണ്ടുകീറി പൊള്ളിയടര്‍ന്ന് തേഞ്ഞുതീര്‍ന്ന് രക്തമൊഴുകുന്ന കാല്‍പാദങ്ങളാല്‍ അവര്‍ നവ ഇന്ത്യയുടെ പുതിയ ഭൂപടമാണ് നിര്‍മിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഉപാധികളില്ലാതെ മഹാരാഷ്ട്രാ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് സമരത്തിന് അവസാനമായത്.

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ച്‌

ചലോ ലഖ്‌നൗ എന്ന പേരില്‍ യുപി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ ഇന്ന് സമരം ആരംഭിച്ചിരിക്കുകയാണ് എഐകെഎസ്.
കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലക്നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ചലോ ലക്നൗ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്. കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യും. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികളും കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഈ മാസം ആറിനായിരുന്നു നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകള്‍  കാല്‍നടയായാണ് സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന സംഘം ആസാദ് മൈതാനിയില്‍ എത്തിച്ചേരുന്നത്. കര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിനും സംഘശക്തിക്കും മുന്നില്‍ കക്ഷി രാഷ്ട്രീയ ന്യായങ്ങള്‍ തറപറ്റുകയായിരുന്നു. തങ്ങളുടെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്താതെ നടത്തിയ കര്‍ഷ പ്രക്ഷോഭത്തിന് നഗരവാസികളുടേയും അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു.

ചലോ ലഖ്‌നൗ മാര്‍ച്ചിനായി എത്തിയ കര്‍ഷകര്‍

ഗോരഖ്പൂര്‍, ഫുല്പൂര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയെത്തിയ കര്‍ഷക സമരം ബിജെപി സര്‍ക്കാറിന് കനത്ത വെല്ലുവിളിയാവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് പിറകില്‍ കര്‍ഷകര്‍ അണിനിരക്കുന്നത് നിലവില്‍ ഭരണം കൈയ്യാളുന്ന ബിജെപിയിലും കോണ്‍ഗ്രസിലും വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ്. കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചാല്‍ സിപിഎമ്മിനും അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വഴിതെളിക്കും. മഹാരാഷ്ട്രയില്‍ ആരംഭിച്ച് ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തിനില്‍ക്കുന്ന കര്‍ഷകപ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top