Film News

മണിമുഴക്കമില്ലാത്ത മലയാളത്തിന്റെ രണ്ടാം വര്‍ഷം

”വിട പറയാതെ
പോയ് മറഞ്ഞുവോ…
മിന്നാമിനുങ്ങിന്‍ വെളിച്ചം…..
കനവറിയാതെ മാഞ്ഞകന്നുവോ
സുഖമുള്ളൊരു ഈറന്‍ നിലാവും…..
അരികിലെന്നും
കവിത മൂളാന്‍ ശലഭമായ് നീ ഇനി വരില്ലേ
മൂടി നില്‍ക്കും മുകിലും പോലും
വിരഹനോവിന്‍ പാട്ടുമൂളി….”

ശ്രേയക്കുട്ടിയുടെ ശബ്ദത്തില്‍ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും നെഞ്ചിലൊരു നീറ്റലാളും. നമ്മെ ഏറെ ചിരിപ്പിച്ച, നാടന്‍ പാട്ടുകളുടെ ഓളത്തില്‍ നമ്മെ ആറാടിച്ച ആ നടന്റെ, അതിഭാവുകത്വങ്ങളില്ലാത്ത ഒരു ചാലക്കുടിക്കാരന്‍ നാട്ടിന്‍ പുറത്തുകാരന്റെ, മലയാളത്തിന്റെ സ്വന്തം മണിയുടെ ഓര്‍മയാലാണത്. ഇന്നേക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു,ആ മണിമുഴക്കം നിലച്ചിട്ട്. എങ്കിലും, മഞ്ജു വാര്യരെ നോക്കി ”മുന്‍കോപക്കാരീ മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപ്പൂപ്പന്തല്‍” എന്ന് സല്ലാപം സിനിമയില്‍ പാടിത്തുടങ്ങിയ മണിമുഴക്കത്തിന്റെ അനുരണനങ്ങള്‍ ഇന്നും നിലച്ചിട്ടില്ല.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും ആറാമത്തെ മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. ഏഴുമക്കളും ദാരിദ്ര്യവുമായിരുന്നു കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. പത്താം ക്ലാസില് വച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്ന മണി പിന്നീട് തെങ്ങുകയറ്റക്കാരനായും മണല്‍ വാരല്‍ തൊഴിലാളിയായും ഉപജീവനമാര്‍ഗം കണ്ടെത്തി. ചാലക്കുടി ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലിനോക്കുമ്പോഴാണ് അദ്ദേഹം കലാഭവന്‍ മിമിക്സ് ട്രൂപ്പില്‍ ചേരുന്നത്. മണിയുടെ സ്വതസിദ്ധമായ അനുകരണ നടനം ആബേലച്ചനെ
ആകര്‍ഷിച്ചു. തുടര്‍ന്ന് കലാഭവനില്‍ മണി സ്ഥിരം മിമിക്രി കലാകാരനായി. ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയ പലരും കലാഭവനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ നിരവധി സ്റ്റേജ്‌ഷോകളാണ് ഇവര്‍ അക്കാലത്ത് അവതരിപ്പിച്ച് കൈയടി നേടിയത്.

സിബി മലയിലിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു കലാഭവന്‍ മണിയുടെ ആദ്യ സിനിമ. ആദ്യമായി വെള്ളിത്തിരയിലെത്തിയത് ഓട്ടോ ഡ്രൈവറുടെ വേഷത്തിലായിരുന്നു എന്നതും കൗതുകമാണ്. സഹനടനായി വന്ന് നായക പദവിയിലേക്കുള്ള വളര്‍ച്ചയായിരുന്നു മണിയുടെ സിനിമാ ജീവിതം. അപ്പോഴും തന്റെ ഓട്ടോയെ മണി കൂടെക്കൂട്ടിയിരുന്നുവെന്നത് ജീവിതത്തിലെ ഹീറോയിസം.

ഔപചാരിക വിദ്യാഭ്യാസമല്ലായിരുന്നു, പച്ചയായ ജീവിതം പഠിപ്പിച്ച കഷ്ടപ്പാടിന്റെയും അതിജീവനത്തിന്റേയും അറിവായിരുന്നു ആ മനുഷ്യന്റെ പാഠപുസ്‌കതം. വന്നവഴികള്‍ മറക്കാതിരുന്നതും അതുകൊണ്ട് തന്നെയാകും. സിനിമാ മേഖലയില്‍ ശോഭിച്ച് നല്ലൊരു ജീവിതം കൈവന്നപ്പോഴും നാടിനേയും നാട്ടുകാരേയും മണി മറന്നില്ല. അവരിലൊരുവനായി നിന്ന് താന്‍ സമ്പാദിക്കുന്നതിന്റെ വലിയൊരുഭാഗം കണക്കുവയ്ക്കാതെ അശരണര്‍ക്കായി നല്‍കിയാണ് ബാല്യത്തില്‍ താന്‍ അനുഭവിച്ച പട്ടിണിയെ ആ കലാകാരന്‍ മറികടന്നത്.

സ്വതസിദ്ധമായ ഹാസ്യത്തിനൊപ്പം മലയാളിക്ക് കണ്ണീരിന്റെ ചവര്‍പ്പും നല്‍കിയിട്ടുണ്ട് മണി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയന്‍ ചിത്രം കണ്ട് കണ്ണുനനയ്ക്കാത്തവരായി ആരുണ്ട് ? ‘വിശന്നിട്ടാ മുതലാളീ..’ എന്ന് കരഞ്ഞുപറഞ്ഞ് ഒപ്പം കാഴ്ചക്കാരേയും കരയിച്ച കരുമാടിക്കുട്ടന്‍. ചായംപൂശിയിട്ടില്ലാത്ത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു അതൊക്കെയും. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിലൂടെയും അങ്ങനെ പലരിലൂടെയും മലയാളിക്കുമുന്നില്‍ ആ കാഴ്ചകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

അനന്തഭദ്രത്തിലെ ചെമ്പനും, ആമേനിലെ ലൂയിപാപ്പനും, ആദാമിന്റെ മകന്‍ അബുവിലെ ജോണ്‍സണും, കരുമാടിക്കുട്ടനിലെ കുട്ടനും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമുവും മണിയുടെ വ്യത്യസ്ത മുഖങ്ങളാണ് അനുവാചകര്‍ക്ക് മുന്നിലെത്തിച്ചത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല, സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലും മണിക്ക് പകരക്കാരനുണ്ടായിരുന്നില്ല. വില്ലന്‍ വേഷങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ തെന്നിന്ത്യയെ ഞെട്ടിക്കുകയായിരുന്നു മണി. 2002 ലെ മികച്ച വില്ലനുളള ഫിലിംഫെയര്‍ അവാര്‍ഡും മണി സ്വന്തമാക്കി.

കമല്‍ഹാസന്‍, രജനികാന്ത്, ഐശ്വര്യ റായി, വിക്രം തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വിസ്മയങ്ങള്‍ക്കൊപ്പം നേര്‍ക്കുനേര്‍ അഭിനയിച്ചപ്പോഴും ആ അസാമാന്യ പ്രതിഭയുടെ പകിട്ടിന് കുറവേതുമുണ്ടായില്ല.

അടിസ്ഥാന വര്‍ഗ ബിബംങ്ങള്‍ നിറഞ്ഞ നാടന്‍ പാടുകള്‍ ജനസമ്മതിയിലെത്തിച്ചതില്‍ മണിയുടെ പങ്ക് ചെറുതല്ല. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമയ്ക്ക് സംഗീതം ചെയ്‌തെങ്കിലും തന്റെ നാടന്‍പാട്ടുകള്‍ തന്നെയാണ് താന്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നതെന്ന് മണി പല വേദികളിലായി പറഞ്ഞിട്ടുണ്ട്. മരണത്തിനുശേഷവും അയാള്‍ ഇവിടൊക്കെത്തന്നെയുണ്ടെന്ന് ആ ശേഷിപ്പുകള്‍ തോന്നിപ്പിക്കുന്നു.

തന്നെ കാത്തിരിക്കുന്ന ഏറെ കഥാപാത്രങ്ങളെ അനാഥരാക്കി, പ്രിയപ്പെട്ട എത്രയോ നാടന്‍ പാട്ടുകള്‍ പാടാന്‍ ചുണ്ടില്‍ ബാക്കിയാക്കി നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് മണി വിടവാങ്ങിയത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കേയായിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ 17-ന് സി.ബി.ഐ. മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരേയും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

മണി പാടി വച്ചതുപോലെ,
‘തേയ്ച്ചാലും മായ്ച്ചാലും ജീവചരിത്രം മനസീന്ന് മായുകില്ല…
ഈ ചാലക്കുടിക്കാരന്‍ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല…” എന്ന വരികള്‍ വിശ്വസിക്കാനാണ് മലയാളിക്കിഷ്ടം. അയാള്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളും, താളമിട്ട വരികളും ഹൃദയത്തിലേറ്റിയ മലയാളിയുള്ളിടത്തോളം കാലം ആ മിന്നാമിനുങ്ങ് ഇവിടം വിട്ട് എങ്ങുപോകാനാണ്….???

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top