Home app

ഗൃഹലക്ഷ്മി മാത്രമല്ല , മലയാളി കാണാത്ത കാഴ്ചകള്‍

ഒരു പ്രമുഖ ഫാമിലി / ലൈഫ്‌സ്റ്റൈല്‍ മാഗസിന്റെ മുഖചിത്രമാണ് ഇപ്പോള്‍ മലയാളികളുടെ ചര്‍ച്ചാ വിഷയം. കേരളത്തിലെ അമ്മമാര്‍ പൊതുഇടങ്ങളില്‍ വച്ച് കുഞ്ഞിന് മുലയൂട്ടുവാന്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ”മറയില്ലാതെ മുലയൂട്ടാം” എന്ന പേരില്‍ മലയാളത്തിലെ മുന്‍നിര വനിതാ മാഗസീനായ ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ബോധവത്കരണ ക്യാംപയിന് കാരണമായത്. എന്നാല്‍ ക്യാംപയിന് തുടക്കമിട്ട് പുറത്തിറങ്ങിയ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രം വിവാദമായിരിക്കുകയാണ്. തുറന്ന മാറിടത്തില്‍ ആത്മവിശ്വാസത്തോടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന സ്ത്രീയാണ് ഗൃഹലക്ഷ്മി മുഖചിത്രമായി നല്‍കിയിരിക്കുന്നത്. അവിവാഹിതയായ ജിലുജോസഫ് ആണ് ചിത്രത്തന്റെ മോഡല്‍.

തുറിച്ചുനോട്ടങ്ങളുടെ അസ്വസ്ഥതയില്ലാതെ അമ്മയ്ക്ക് കുഞ്ഞിനെ
അനായാസമായി പാലൂട്ടുവാന്‍ സാധിക്കണം. അമ്മയുടേയും കുഞ്ഞിന്റേയും മാനാസികാ ശാരീരീക ആരോഗ്യത്തിന് അങ്ങനെയൊരു സാഹചര്യമാണ് ആവശ്യം. അത് മുന്‍നിര്‍ത്തിയാണ് ഗൃഹലക്ഷ്മി ഈ ക്യാംമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ലോകത്ത് ഇതാദ്യമല്ല ഇങ്ങനെ ഒരു ക്യാംമ്പയിനും മുഖചിത്രവും. അന്താരാഷ്ട്രതലത്തില്‍ പലപ്പോഴായ പല മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഗൃഹലക്ഷ്മിയും മുന്നോട്ട് വന്നിരിക്കുന്നത്.

 

 

ഭാഷയിലും സംസ്‌കാരത്തിലും പാശ്ചാത്യശൈലികള്‍ തേടിപ്പോകുന്ന നമ്മള്‍ ലോകമാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന വിഷയങ്ങള്‍ ശ്രദ്ധിക്കാത്തത് മലയാളിയുടെ വിവരക്കുറവുകൊണ്ടല്ല, നമ്മളിവിടെ സൃഷ്ടിച്ച് വച്ചിരിക്കുന്ന സദാചാര സംസ്‌കാരത്തിന്റെ കഴമ്പില്ലാത്ത വിവേചനബോധം കൊണ്ടാണ്. ഒരു മലയാള മാധ്യമം ധൈര്യത്തോടെ ഇത്തരത്തില്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതിനെതിരെ മുറവിളി കൂട്ടുകയല്ല വേണ്ടത്, അതിന് കാരണമായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്.

”കേരളത്തോട് അമ്മമാര്‍, തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം” എന്ന ക്യാപ്ഷനുമായി വന്ന മുഖചിത്രം നവമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയകളില്‍. ഒരുവിഭാഗത്തിന് അനിഷ്ടമായിരിക്കുന്നത് മുഖചിത്രത്തിനൊപ്പം വന്ന ക്യാപ്ഷനാണ്. കേരളത്തിലെ പുരുഷന്മാരെ മുഴുവന്‍ തുറിച്ചുനോട്ടക്കാരായി ഗൃഹലക്ഷ്മി മുദ്രകുത്തുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് അവരുടെ വാദം.

ബസിലോ ട്രെയിനിലോ വച്ചോ അതുപോലെ ഏതെങ്കിലും പൊതുഇടങ്ങളില്‍ വച്ചോ വിശന്ന് കരയുന്ന കുഞ്ഞിന് മുലയൂട്ടുവാന്‍ അമ്മമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. മറച്ചിരിക്കുന്ന വസ്ത്രത്തിന് തെല്ലൊരു സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ തങ്ങളുടെ (മുലകളുടെ)നേര്‍ക്ക് നീളുന്ന അസ്വസ്ഥപ്പെടുത്തുന്ന നോട്ടങ്ങള്‍ തന്നെ അതിന് കാരണം. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുവാന്‍ സ്വകാര്യതയുള്ള സ്ഥലങ്ങള്‍ തേടി പരിഭ്രമത്തോടെ പായുന്ന അമ്മമാരെ കാണാം…മുലപ്പാല്‍ വിങ്ങി മാറിടം നൊന്താലും അന്യര്‍ക്ക് മുന്നില്‍ വച്ച് പാലുനല്‍കുന്നത് ശരിയല്ലെന്ന പൊതുബോധത്തിനോട് മത്സരിച്ച് വിശന്ന് കരഞ്ഞ് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുന്ന കുഞ്ഞുങ്ങളേയും കാണാം. എന്നിട്ടും കരച്ചിലവസാനിക്കുന്നില്ലെങ്കില്‍ അവസാനം ഒടുവിലത്തെ ശ്രമമെന്ന നിലയില്‍ ദുപ്പട്ടകൊണ്ടോ സാരിത്തലപ്പു കൊണ്ടോ കുഞ്ഞിന് ശരിയായൊന്ന് ശ്വസിക്കാന്‍ പോലുമാകാതെ ചുറ്റിവരിഞ്ഞ് മറച്ച് പാലുകൊടുക്കുന്ന അമ്മമാരെ കാണാം…അത്തരത്തില്‍ കുഞ്ഞിനും അമ്മയ്ക്കും ശാരീരീകമായും മാനസീകമായും ഏറെ വിഷമതകള്‍ സൃഷ്ടിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ സാമാന്യേന എന്ന രീതിയില്‍ ഉത്പാദിപ്പിച്ച് വിടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ വിപണന തന്ത്രങ്ങളും രാഷ്ട്രീയശരി തെറ്റുകളും ഒരുവേള മാറ്റി നിര്‍ത്തി ഗൃഹലക്ഷ്മിയുടെ ഈ ഉദ്യമത്തിന് നമ്മള്‍ കൈയടിച്ചേ മതിയാകൂ…

ചിത്രത്തിലെ മോഡല്‍ വിവാഹിതയല്ലെന്നും അമ്മയല്ലെന്നും മാതൃത്വത്തെ ഫോട്ടോഫോപ്പ് ചെയ്യുന്ന അശ്ലീലമാണ് ഗൃഹലക്ഷി ചെയ്ത് എന്നൊക്കെയുള്ള വാദങ്ങള്‍ അവിടെ നില്‍ക്കട്ടെ. പൊതുഇടങ്ങളില്‍ യാതൊരും ഉളുപ്പുമില്ലാതെ നിവര്‍ന്ന് നിന്ന് മൂത്രമൊഴിക്കുന്ന കേരളത്തിലെ പുരുഷ കേസരികള്‍ ആരെങ്കിലും സ്വന്തം ഭാര്യയേയോ പെങ്ങളേയോ മകളേയോ മറ്റൊരു പുരുഷന്റെ സാന്നിധ്യത്തില്‍ തുറന്ന മാറിടവുമായി മുലയുട്ടുവാന്‍ അനുവദിക്കുമോ…? മഹാഭൂരിപക്ഷത്തിനും അത് സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ബിജുവും ഭാര്യ അമൃതയും തങ്ങളുെട കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടുന്നതിന്റെ ആവശ്യകത കുറിച്ച് അതിനൊപ്പം പങ്കുവച്ചപ്പോള്‍ മലയാളിയുടെ കണ്ണു ചെന്നത് അമൃതയുടെ തുറന്ന മാറിടത്തിലേക്കാണ്. വലിയ സദാചാര വിചാരണയാണ് അത്തരത്തിലൊരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതിന്റെ പേരില്‍ അമൃതയ്ക്കും ബിജുവിനും നേരിടേണ്ടി വന്നത്. ഇനിയും അങ്ങനെയൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ക്യാംപയിനുകള്‍ ഉയര്‍ന്നുവന്നേ മതിയാകൂ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top