Football

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം: ടീം ലൈനപ്പില്‍ നിരാശരായി മഞ്ഞപ്പട

കൊല്‍ക്കത്ത: കൊല്‍ക്കത്തയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പ്രിയതാരങ്ങളില്ലാത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തുന്നു. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന് പിന്നാലെ ആരാധകരുടെ പ്രിയതാരം ഹ്യൂമേട്ടനും കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കില്ലെന്ന വാര്‍ത്തയാണ് മഞ്ഞപ്പടയെ സങ്കടത്തിലാക്കിയിരിക്കുന്നത്. സീസണില്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിന്റെ ഭാഗമായാണ് ജിങ്കാന് മത്സരം നഷ്ടമായത്. അതേസമയം ഹ്യൂമേട്ടന്റെ കാര്യത്തില്‍ പരിക്കാണ് വില്ലനായിരിക്കുന്നത്.

പൂണെ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് ഇയാന്‍ ഹ്യൂമിന് പരിക്കേറ്റത്. പരിക്ക് നിസാരമല്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ കൂടി ഹ്യൂമിന് നഷ്ടമായേക്കുമെന്നാണ് സൂചന. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ഹ്യൂം തയ്യാറായിട്ടില്ല. പരിശീലനത്തിലും ക്യാമ്പിലും ഒപ്പ ചേര്‍ന്ന് താരങ്ങള്‍ക്ക് ആവേശം പകരാനാണ് ഹ്യൂമിന്റെ തീരുമാനം.

സീസണിന്റെ തുടക്കം മുതല്‍ കളിക്കാരുടെ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ടീമിനൊപ്പം ചേര്‍ന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നവരാണ് ദിമിതര്‍ ബെര്‍ബറ്റോവും വെസ്ലീ ബ്രൗണും. പിന്നീട് മത്സരത്തിന്റെ ഗതി തിരിച്ചുവിട്ട കെസിറോണ്‍ കിസീറ്റോയ്ക്കു മുന്നിലും പരിക്ക് വില്ലനായി നിന്നു. ടീമിന്റെ ഭാഗ്യതാരമെന്ന് ആരാധകര്‍ വിളിക്കുന്ന ദീപേന്ദ്ര നേഗിയുടേയും അനുഭവം മറ്റൊന്നായിരുന്നില്ല. ഐഎസ്എല്ലിലെ തന്റെ ആദ്യമത്സരത്തില്‍ തന്നെ ഡല്‍ഹിക്കെതിരെ നിര്‍ണായക ഗോള്‍ നേടുകയും വിജയഗോളിനുള്ള വഴിതെളിക്കുകയും ചെയ്ത നേഗിയേയും പരിക്ക് പിടികൂടുകയായിരുന്നു.

എന്നാല്‍ എല്ലാത്തിലുമുപരി കൊല്‍ക്കത്തയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഹ്യൂമും പ്രതിരോധത്തിന്റെ കോട്ട കാക്കാന്‍ ജിങ്കാനുമില്ല എന്നതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. രാത്രി എട്ടിന് കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യനാലില്‍ എത്താനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top