Business

വിപണിയിലും പ്രണയമൊഴുകുന്നു….

പ്രണയിതാക്കളുടേയും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരുടേയും വിശുദ്ധ നാളുകളാണ് ഫെബ്രുവരി മാസത്തിലെ രണ്ടാം ആഴ്ചയിലെ ഏഴ് പകലിരവുകള്‍. മനസ്സില്‍ പറയാതെ കാത്തുവച്ച പ്രണയം പ്രിയപ്പെട്ടവന്റെ / പ്രിയപ്പെട്ടവളുടെ ഹൃയത്തിലേക്ക് മന്ത്രിക്കാനായ് കാത്തിരിക്കുന്ന ദിനം, പ്രണയിച്ചു മതിവരാത്തവര്‍ക്ക് ആഘോഷിക്കാനുള്ള ദിനം. ഫെബ്രുവരി 14ലേക്ക് നടന്നടുക്കുന്ന ആ ദിവസങ്ങള്‍ ആസ്വദിക്കാതെ പുതുതലമുറയ്ക്ക് പ്രണയമില്ല.

എന്നാല്‍ മറ്റേതൊരു വിശേഷ ദിവസങ്ങളേയും പോലെ, മറ്റേതൊരു ആഘോഷത്തേയും പോലെ വാലന്റൈന്‍സ് ഡേയും ഇന്ന് വിപണി കൈയടക്കിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് വാലന്റൈന്‍സ് ഡേ വിപണിയില്‍ വര്‍ഷാ വര്‍ഷം നടക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആശംസാ കാര്‍ഡുകളിലും കുഞ്ഞു കുഞ്ഞ് സമ്മാനങ്ങളുമാണ് പ്രണയദിന വിപണിയെ സജീവമാക്കിയതെങ്കില്‍ ഇന്നത് വന്‍കിട കുത്തക കമ്പനികളുടെ കൈയിലാണ്.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കോസ്‌മെറ്റിക്‌സുകള്‍ തുടങ്ങി പ്രണയത്തെ ബ്രാന്‍ഡഡ് മൊത്തക്കച്ചവടത്തിനായുള്ള വില്‍പ്പനച്ചരക്കാക്കിയിരിക്കുകയാണ് ആഗോള വിപണി. വാലന്റൈന്‍സ് ഡേ ലക്ഷ്യമാക്കിയുള്ള ഉല്പന്നങ്ങളുടെ നിര്‍മാണം മാസങ്ങള്‍ക്കുമുമ്പേ കമ്പനികള്‍ ആരംഭിച്ചിരിക്കും. ഫെബ്രുവരി പിറക്കേണ്ട താമസം, എല്ലാ മാധ്യമങ്ങളിലും അവയുടെ രസികന്‍ പരസ്യങ്ങള്‍ കൊണ്ട് നിറയും. പ്രണയ ദിനത്തില്‍ തന്റെ കാമുകന് അല്ലെങ്കില്‍ കാമുകിയ്ക്ക് ഒരു സമ്മാനവും നല്‍കാതിരിക്കുന്നത് മഹാ അപരാധമാണെന്ന് ആ പരസ്യങ്ങളൊക്കെ നമ്മളെക്കൊണ്ട് തോന്നിപ്പിക്കും. കീശകാലിയായാലും സാരമില്ലെന്നുറപ്പിച്ച് നമ്മള്‍ കടകളിലേക്കോടും…താജ്മഹാലിനോളമില്ലെങ്കിലും ഒരു കുഞ്ഞ് പ്രണയസ്മാരകം സ്വന്തമാക്കാന്‍…

ഈ വര്‍ഷത്തെ പ്രണയദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പ്രണയാഘോഷത്തെ വരവേല്‍ക്കാന്‍ വിപണി ആഴ്ചകള്‍ക്ക് മുന്നേ ഒരുങ്ങിക്കഴിഞ്ഞു. ഏറെ കൗതുകമുണര്‍ത്തുന്ന പരസ്യമായി പതിവുപോലെ കാഡ്ബറീസ് തന്നെയാണ് മുന്നില്‍. അല്ലെങ്കിലും പ്രണയവും മധുരവും വേര്‍തിരിക്കാനരുതല്ലോ….അടര്‍ത്തിയെടുത്ത് പകുത്തുനല്‍കാന്‍ സാധിക്കുന്ന ഹൃദയ ചിഹ്നമുള്ള ഡയറിമില്‍ക്ക് സില്‍ക്ക് ആണ് പ്രണയദിന സമ്മാനമായി കാഡ്ബറീസ് അവതരിപ്പിച്ചിരിക്കുന്നത്. അതിനായി ഏറെ മനോഹരമായ ഒരു പരസ്യവും ഒരുക്കിയിട്ടുണ്ട്.

എന്തായാലും പ്രണയം, അത് ആഘോഷിക്കപ്പെടാനുള്ളതാണ്…പക്ഷെ അപ്പോഴും പ്രണയത്തിന് വിലയിടാന്‍ വിപണിയെ അനുവദിക്കണമോയെന്ന് വെറുതേയൊരു ചോദ്യം ആരോ എവിടെയോ എറിയുന്നുണ്ടാകാം…..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top