കരുത്തുറ്റ പെണ്‍കഥാപാത്രങ്ങളെ മലയാളിക്ക് നല്കിയ നായികയാണ് മീര ജാസ്മിന്. കത്തി നില്ക്കുന്ന കാലത്ത് വെള്ളിത്തിരയില്‍ നിന്നുള്ള അവരുടെ പിന്മാറ്റം ആരാധകരെയും സിനിമാ പ്രേമികളെയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാല്‍ മീര വീണ്ടും വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുമെന്ന് മീര ജാസ്മിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നു. 2016ല്‍ പുറത്തിറങ്ങിയ പത്തുകല്പനകള് ആയിരുന്നു മീര ജാസ്മിന് ഒടുവില്‍ ചെയ്ത ചിത്രം.
പക്ഷെ ചിത്രത്തിന് തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. മീര ജാസ്മിന്റെ വരവ് ആരാധക ലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഞ്ജു വാര്യരും പാര്‍വതിയും ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍ നിര നായികമാര്‍ക്ക് മീരയുടെ തിരിച്ചുവരവ് കനത്ത വെല്ലുവിളിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നിരവധി ചിത്രങ്ങളില്‍ നായികയാവുകയും നാഷണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കുകയും ചെയ്ത മീര എന്തായാലും അടുത്ത ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെ താരറാണിപ്പട്ടം സ്വന്തമാക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.