കേരളാ പൊലീസിന് തലവേദന സൃഷ്ടിച്ച പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് വിവരം. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്തഫ എന്ന പേരിലാണ് മദീനയില്‍ കഴിയുന്നതെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. മദീനയിലെ ഒരു മുസ്ലിം പള്ളിയിലെ സഹായിയായാണ് കുറുപ്പ് ഇപ്പോള്‍ കഴിയുന്നതെന്ന് പൊലീസിന് ലഭിച്ച വിവരം.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.
സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്.