Home app

കള്ളപ്പണക്കാരുടെ പുതിയ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്; കൂട്ടത്തില്‍ കേന്ദ്രമന്ത്രിയും താരങ്ങളും

കള്ളപ്പണക്കാരുടെ പുതിയ പട്ടികയുമായി ‘പാരഡൈസ് പേപ്പേഴ്‌സ്’ രംഗത്ത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്റര്‍നാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മ പാരഡൈസ് പേപ്പഴ്സ് എന്ന പേരില്‍ കള്ളപ്പണക്കാരുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ഈ മാസം എട്ടിന് കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് പാരഡൈസ് പേപ്പേഴ്‌സ് റിപ്പോര്‍ട്ട് തിരിച്ചടിയായത്.

കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, വിജയ് മല്യ, നടന്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുള്‍പ്പെടെയുള്ള 714 ഇന്ത്യക്കാരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19-ാം സ്ഥാനമാണുള്ളത്.

സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്എന്‍സി ലാവ്ലിന്‍, കാര്‍ത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് വിവരം. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങള്‍ പുറത്തുവിട്ടതും ഇതേ ഏജന്‍സി തന്നെയായിരുന്നു.

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top