ബിജെപിക്ക് കനത്ത തിരിച്ചടി നല്കി ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രത്തിന് വന്‍ പിന്തുണ. മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ ബിജെപി ഒറ്റപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ചരക്ക്, സേവന നികുതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്.
മെര്‍സല്‍ എന്ന പേരിലുണ്ടായ വിവാദത്തെ മറികടന്നാണ് ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലേത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിന് ജിഎസ്ടിയുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ പ്രകോപിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.