Home app

യുഡിഎഫ് ഹര്‍ത്താല്‍ ഭാഗികം ; ബസുകള്‍ക്ക് നേരെ കല്ലേറ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ ഇറങ്ങി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

നഗരപ്രദേശങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ലെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.

പ്രധാന പാതകളിലൂടെ ഓടുന്ന കെഎസ്ആര്‍ടിസിക്ക് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. കോട്ടയം-കുമളി റൂട്ടില്‍ പോലീസ് അകമ്പടിയോടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. ഹര്‍ത്താല്‍ വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആളുകള്‍ അധികം പുറത്തിറങ്ങിയില്ല. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല.

ഹര്‍ത്താലിന് സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഉള്ളതിനാല്‍ പോലീസ് എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കായംകുളത്തും മുക്കത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

സെക്രട്ടറിയേറ്റ്, ഐഎസ്ആര്‍ഒ, ടെക്‌നോപാര്‍ക്ക് തുടങ്ങി സ്ഥാപനങ്ങളെ ഒന്നും ഹര്‍ത്താല്‍ ബാധിച്ചില്ല. ജീവനക്കാര്‍ ഭൂരിഭാഗവും ജോലിക്കെത്തി. എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സ്‌കൂള്‍ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top