തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് നടന് ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നറിയിച്ച് ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പാണ് ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കിയത്. കൊച്ചിയില്‍ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവില്‍ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂരും സെക്രട്ടറി ബേബിയുമാണ് യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.