ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് പത്മഭൂഷണ്‍ നല്കാന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശുപാര്‍ശ. സിന്ധുവിന്റെ പേര് മാത്രമാണ് ഇത്തവണ പത്മഭൂഷണ്‍ കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ കിരീടം എന്നീ നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്. ബി.സി.സി.ഐ പത്മഭൂഷണ്‍ പുരസ്കാരത്തിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം.എസ്. ധോനിയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. റിയോ ഒളിമ്പിക്സിലും വെള്ളി നേടിയ സിന്ധുവിന് 2016ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം, 2015ല്‍ പത്മശ്രീ പുരസ്കാരം, 2013ല്‍ അര്‍ജുന അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.