പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടും. പാളങ്ങളും കോണ്‍ക്രീറ്റ് സ്ലീപ്പറുകളും മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 30 വരെ ദിവസവും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് തീവണ്ടികള്‍ പിടിച്ചിടുക. രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലാണ് പണി. ഈ സമയത്ത് തീവണ്ടിയോട്ടം തടസ്സപ്പെടും. തിരുവനന്തപുരം ഡിവിഷനു കീഴില്‍ ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ വിവിധ സ്ഥലങ്ങളിലാണ് ജോലി. തിങ്കളാഴ്ച ചാലക്കുടിക്കും കറുകുറ്റിക്കുമിടയിലെ പാളങ്ങള്‍ മാറ്റാന്‍ നാലിടത്ത് തീവണ്ടികള്‍ പിടിച്ചിട്ടു. 11.45 മുതല്‍ മൂന്നുമണിക്കൂറായിരുന്നു നിയന്ത്രണം.
നേരത്തേ തീവണ്ടിയോട്ടത്തെ ബാധിക്കാത്ത തരത്തില്‍ നടത്തിയിരുന്നതിനാല്‍ പണി പൂര്‍ത്തിയാക്കാന്‍ വലിയ കാലതാമസം ഉണ്ടായിരുന്നു. എന്നാല്‍, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കി അടിയന്തരമായി പാളംമാറ്റലും മറ്റ് അറ്റകുറ്റപ്പണികളും തീര്‍ക്കാനാണ് റെയില്‍വേയുടെ നിര്‍ദേശം. ജോലികള്‍ക്കായി കുറച്ചുനേരം തീവണ്ടിയോട്ടം നിര്‍ത്തിവെയ്ക്കണമെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
പാളങ്ങളിലും സ്ലീപ്പറുകളിലും പലയിടത്തും തകരാര്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നത് വൈകിയാല്‍ വലിയ അപകടത്തിന് കാരണമാകുമെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരമുള്ളതാണ് സ്ഥാപിക്കുന്ന പാളങ്ങള്‍. ഒരു പാളം വെല്‍ഡ് ചെയ്യുന്നതിന് 75 മിനിറ്റ് വേണ്ടിവരും. ഒന്നിലധികം പാളങ്ങള്‍ മാറ്റാനാണ് ഒരു ദിവസം പരമാവധി മൂന്നുമണിക്കൂര്‍ അനുവദിച്ചിട്ടുള്ളത്.