നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി. മുന്‍കൂര്‍ ജാമ്യം നല്കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന് രാമന്‍പിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക.
അതിനിടെ, കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷായെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യാ മാധവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.