Home app

കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് ദീപ നിശാന്ത്

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ച കെപിഎസി ലളിതയുടെ നിലപാടി വിമര്‍ശിച്ച് അധ്യാപികയും സാമൂഹ്യ നിരീക്ഷകയുമാസ ദീപ നിശാന്ത്. കെപിഎസി ലളിത എന്ന വ്യക്തിക്ക് എന്തുമാകാം പക്ഷെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന സര്‍ക്കാര്‍ സംവിധാനത്തിന്‌റെ ഭാഗമായിരിക്കുമ്പോള്‍ ക്രിമിനല്‍ കേസിലെ പ്രതിയെ സന്ദര്‍ശിക്കുമ്പോള്‍ അയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്യുന്നതെന്ന് ദീപ നിശാന്ത് പറയുന്നു.  എം.എല്‍.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും ദീപ നിശാന്ത് ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് ‘കഥ തുടരും’ എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.’ അറിയപ്പെടാത്ത അടൂര്‍ഭാസി’ എന്ന പേരില്‍. അടൂര്‍ഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ അങ്ങേത്തലയാണ് ആ അദ്ധ്യായം.ഏതാനും ഭാഗങ്ങള്‍ ഇങ്ങനെയാണ്:
‘അടൂര്‍ഭാസിയോടൊത്ത് ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍ നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്….
ഒരു ദിവസം രാത്രി അടൂര്‍ഭാസി വീട്ടില്‍ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:
‘ ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എന്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. ‘
എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം…
അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!….
വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാന്‍ കഴിയില്ല….
എന്നെ ഏതെല്ലാം തരത്തില്‍ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു.എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിര്‍മ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. പറ്റിയില്ലെങ്കില്‍ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എന്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തു വേണമെങ്കിലും ചെയ്യും.അക്കാലങ്ങളില്‍ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ ..
ഓരോ ഷോട്ടിലും അതില്‍ വേണ്ടാത്തതൊക്കെ അയാള്‍ കാണിക്കും. എല്ലാം എന്നെ ദ്രോഹിക്കാന്‍.. ഡയറക്ടര്‍ എന്തു പറയാനാണ്.. അയാള്‍ വാഴുന്ന കാലമല്ലേ? ഇപ്പോഴും ചില സൂപ്പര്‍ താരങ്ങളെയൊക്കെ നിലയ്ക്ക് നിര്‍ത്താന്‍ സംവിധായകര്‍ക്ക് കഴിയില്ല.’
[കഥ തുടരും..]
സിനിമയില്‍ എല്ലാ കാലത്തും സ്ത്രീകള്‍ അനുഭവിച്ചിരുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് സ്വന്തം അനുഭവത്തിലൂടെ കെ.പി.എ.സി.ലളിത വിരല്‍ ചൂണ്ടുന്നത്. സിനിമ എപ്പോഴും പുരുഷന്റെ കൈയിലായിരുന്നു. ആണ്‍നോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു അതിന്റെ രൂപകല്‍പ്പന. കെ.പി.എ.സി.ലളിതയേയും ഉര്‍വശിയേയും മഞ്ജുവാര്യരേയും പോലുള്ള അപാര അഭിനയശേഷിയുള്ള നടികള്‍ക്കു മാത്രമേ അപൂര്‍വ്വമായെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് തങ്ങളൊരു കാഴ്ചവസ്തു മാത്രമല്ലെന്ന് തെളിയിച്ച് തെളിയിച്ച് സിനിമയില്‍ പകരം വെക്കാനില്ലാത്ത സ്വന്തം ഇടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വിവാഹമോചനം നേടി തിരികെ സ്വന്തം തൊഴിലിടത്തിലേക്കു വന്ന മഞ്ജുവാര്യര്‍ മലയാളികള്‍ക്കത്ഭുതമാകുന്നതും അവരെ അമിതമായി ആഘോഷിക്കുന്നതും നിന്ദിക്കുന്നതുമെല്ലാം സിനിമയിലും ജീവിതത്തിലും സ്ത്രീകള്‍ക്കു നേരെയുള്ള ചില പൊതുബോധങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്..
ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടില്‍ കുടിച്ചു ബഹളമുണ്ടാക്കിയ അടൂര്‍ഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാള്‍ നമ്മെ ചിരിപ്പിച്ചിരുന്നു… ലളിതയുടെ ആത്മകഥ വായിച്ചപ്പോള്‍ അയാള്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു… വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂര്‍ഭാസി ജീവിച്ചിരിപ്പില്ല. അയാള്‍ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാന്‍ അയാള്‍ക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല..
ലളിതയുടെ ആത്മകഥ വായിച്ചപ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂര്‍ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയില്‍ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയര്‍ത്തതിനെപ്പറ്റിയും അഭിമാനപൂര്‍വ്വം അവരെഴുതിയിട്ടുണ്ട്. ‘ഉമ്മുക്ക ചലച്ചിത്രപരിഷത്തിന്റെ പ്രസിഡണ്ടാണെന്ന് ഓര്‍ക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് ‘ എന്ന് ഉമ്മറിന്റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയില്‍ കെ.പി.എ.സി.ലളിതയെ വായിച്ചത്. ‘സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണോമില്യാ ‘ എന്ന വള്ളുവനാടന്‍മൊഴി അവര് പറയുമ്പോള്‍ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്..
കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദര്‍ശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ്. അയാള്‍ക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദര്‍ശിച്ചും അല്ലാതെയും അയാള്‍ക്ക് പരസ്യമായി ക്ലീന്‍ചിറ്റ് നല്‍കുന്ന എം.എല്‍.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്… അതാണ് ചോദ്യം ചെയ്യപ്പെടുന്നതും..
കഥ തുടരട്ടെ!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top