ഡെസ്ക്കില്‍ കുത്തിക്കുറിച്ചെന്നാരോപിച്ച് അധ്യാപകര്‍ മര്‍ദിച്ച പ്ലസ്ടു വിദ്യാര്‍ഥി അഞ്ചുനില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിലായിരുന്നു സംഭവം. വിഴ്ചയില്‍ ഇരുകാലുകളും ഒടിഞ്ഞ കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍കൂനയുടെ മുകളില്‍ വീണതാണ് പരിക്കുകളോടെ രക്ഷപ്പെടാന്‍ ഇടയാക്കിയത്.
ഡെസ്ക്കില്‍ കുത്തിവരച്ചതുമായി ബന്ധപ്പെട്ട് കുറ്റം അടിച്ചേല്‍പ്പിക്കുകയും കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് അധ്യാപകര്‍ മുളവടികൊണ്ട് അടിക്കുകയും ചെയ്തു. പിന്നീട് സ്കൂളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കി വിട്ടയക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. സംഭവത്തില്‍ മാനോനില തകര്‍ന്ന കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
അധ്യാപകര്‍ നിസാര പ്രശ്നങ്ങളില്‍ പോലും ക്രൂരമായി പീഡിപ്പിക്കുമെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. താമസിച്ച് എത്തിയാലും സംസാരിച്ചാലും മാര്‍ക്ക് കുറഞ്ഞാലും ഫീസ് അടയ്ക്കാന്‍ വൈകിയാലും ക്രൂരമായി മര്‍ദ്ദിക്കുമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.