സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് നടി ഭാവന. ചലച്ചിത്ര രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരുന്നതില്‍ നടിയെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിനിമയില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഭാവന പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്ന് ഭാവന വ്യക്തമാക്കി. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍, സിനിമാ രംഗത്തെ പല പ്രശ്നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചു മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സിനിമാ മേഖലയില്‍ ഉള്ളത് നല്ലതാണെന്നും ഭാവന വ്യക്തമാക്കി.