വിമാനയാത്രക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് വ്യോമയാന മന്ത്രാലയം ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. പെരുമാറ്റച്ചട്ടങ്ങളെ മൂന്നായി തിരിച്ച് വിലക്കേര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം.
വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം, ശാരീരികമായ കയ്യേറ്റം, ജീവന് അപായപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിങ്ങനെ തരം തിരിച്ചാണ് ചട്ടങ്ങള്‍. ഇവയ്ക്കോരോന്നിനും പ്രത്യേകം വിലക്കുകളാണുള്ളത്.
ആംഗ്യം കൊണ്ടുള്ള പെരുമാറ്റവും, മോശം പദാവലികളും തെറികളും വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടും. മൂന്നു മാസം വരെ വിലക്കാണ് ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുക. പിടിച്ച് തള്ളുക, തൊഴിക്കുക, ഇടിക്കുക, അനുചിതമായി സ്പര്‍ശിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശാരീരികമായ കയ്യേറ്റത്തില്‍ ഉള്‍പ്പെടും. ഈ കുറ്റങ്ങള്‍ക്ക് ആറു മാസം വരെ വിലക്കേര്‍പ്പെടുത്തും.
കൈയേറ്റം ചെയ്യുക, വിമാന ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ജീവന് അപായപ്പെടുത്തുന്ന പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഇതിന് കുറ്റത്തിന്റെ തോതനുസരിച്ച് രണ്ടു വര്‍ഷമോ പരിധികളില്ലാത്ത വിലക്കോ ഏര്‍പ്പെടുത്തും.