Home app

ഡോക് ലാം ഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് കരസേന മേധാവി

ഡോക് ലാം സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ദോക് ലായിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണര്‍ത്തുന്നതാണെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു. അതിര്‍ത്തിയില്‍ ചൈന റോഡു നിര്‍മിക്കാന്‍ തുടങ്ങിയതിന്റെ പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല.

നിയന്ത്രണരേഖ കടന്നെത്തുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ അതിര്‍ത്തിയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇവ ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ എപ്പോഴും തയാറാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. പുണെ സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള ഫ്ലാഗ് മീറ്റിങ്ങുകളിലെല്ലാം അതിര്‍ത്തിയിലെ സ്ഥിതി ജൂണ്‍ 16 ന് മുന്‍പുള്ള സാഹചര്യത്തിലേക്കു മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുമാണ് വിഷയം പരിഗണിക്കുന്നത്. രാഷ്ട്രീയമായി മുന്‍കൈയെടുത്ത് നയതന്ത്രതലത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.

അതിര്‍ത്തിയില്‍ എവിടെയും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആരും അലംഭാവത്തില്‍ ഇരിക്കരുത്. ഏതു സാഹചര്യത്തിലും പ്രശ്നങ്ങള്‍ നേരിടാന്‍ തയാറാകണം. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൈനിക മേധാവി വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായി പ്രതിരോധ, സാമ്പത്തിക രംഗങ്ങളില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് ചൈന. പാക്ക് അധിനിവേശ കശ്മീരിലൂടെ പോകുന്ന ചൈന പാക്കിസ്ഥാന്‍ ഇക്കോണമിക് കോറിഡോര്‍ (സിപിഇസി) ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top