കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റു മരിച്ചു. വാരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശീതളിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റതായി പോലീസ് വ്യക്തമാക്കി. ശീതളിനൊപ്പം എത്തിയ നെടുങ്കണ്ടം സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്.
അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതെത്തുടര്‍ന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് ശീതളിനോട് പറഞ്ഞു. ശീതള്‍ കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുമെന്നുമാണ് മൊഴി.