ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തിയ ചിന്താമണി കൊലക്കേസ് വൻ വിജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. സംവിധായകൻ ഷാജി കൈലാസാണ് പ്രഖ്യാപനവുമായി എത്തിയത്. പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
അലമാരയിൽ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റർ. ലാൽകൃഷ്ണ വിരാടിയാർ എന്നതിന്റെ ചുരുക്കമായ എൽകെ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ‘‘ഞങ്ങൾ മുന്നോട്ട്’’ എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റർ പങ്കുവച്ചത്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ എകെ സാജൻ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.