മമ്മൂട്ടി സിനിമ പ്രൊമോഷന് പരിപാടിക്കിടെ പറഞ്ഞ ‘തമാശ’യാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് വിവാദമായ മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ’ എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാമോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?’,എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്ഡേറ്റഡ് ആയ കലാകാരനായി വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയില്‍ നിന്നും ഇത്തരം പ്രസ്താവന കേള്‍ക്കുന്നത് സങ്കടകരമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നത്. നടനെ അനുകൂലിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്.
‘2018’ എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ച് വേളയില്‍ മമ്മൂട്ടി സംവിധായകന് ജൂഡ് ആന്റണിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയ ഉയര്‍ന്നത്. തുടര്‍ന്ന് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു.