ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
മലൈക്കോട്ടൈ വാലിബനെക്കുറിച്ചറിയാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നവരോട്, ഞങ്ങൾ ഇന്ന് തുടങ്ങി.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നു.
ചടങ്ങില്‍ മോഹന്‍ലാല്‍,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പിഎസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.