Breaking News

‘ഭയം പിടികൂടി, അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും’: ഇനി കലോത്സവത്തിനില്ലെന്ന് പഴയിടം

കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. തന്നെ ഭയം പിടികൂടി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. ഇനി കലോത്സവ വേദികളിൽ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകൾ. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികർ ആരോപണവുമായി മുന്നോട്ടു വരുമ്പോൾ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളിൽ ഞാൻ ഉണ്ടാകില്ല. ഞാൻ വിടവാങ്ങുന്നു.’– പഴയിടം പറഞ്ഞു. 

സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രസ്താവന. കഴിഞ്ഞ 16 വർഷമായി കലോത്സവത്തിന് ഭക്ഷണം പാകംചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്. വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്ന് വിവാദങ്ങളോട് പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുണ്ടായതിനാൽ പിന്മാറുകയാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. 

ഈ വർഷത്തെ കലോത്സവത്തിൽ റെക്കോർഡ് ഭക്ഷണ വിതരണമാണ് നടന്നത്. കലോത്സവം ആരംഭിക്കുന്നതിന്റെ തലേന്നു രാത്രി 2,000 പേർക്കു നൽകിയതു മുതൽ അവസാനിക്കുന്നതു വരെ 1,94,800 പേർക്കാണു ഭക്ഷണം വിളമ്പിയത്. ദിവസവും നാലു നേരം നൽകി. റെക്കോർഡ് വിതരണമുണ്ടായത് നാലാം ദിനമായ വെള്ളിയാഴ്ചയാണ്. അന്ന് ഉച്ചഭക്ഷണം മാത്രം 26,500 പേരാണ് കഴിച്ചത്. മുൻപ് മലപ്പുറം കലോത്സവത്തിൽ 25,000 പേർ കഴിച്ചതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top