Breaking News

കോഴിക്കോടന്‍ ബിരിയാണി നല്‍കാനായിരുന്നു ആഗ്രഹം; അടുത്ത തവണ നോണ്‍ വെജ്; വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

Photo: Sanoj Payyannur

അഞ്ചു നാള്‍ നീണ്ട കലയുടെ, പെരുംപൂരത്തിന് തിരശീല വീണു.കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്.  925 പോയിന്‍റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി.

സംസ്കൃത കലോല്‍സവത്തില്‍ എറണാകുളവും കൊല്ലവും ഒന്നാമത്. അറബിക് കലോല്‍സവത്തില്‍ കണ്ണൂരും കോഴിക്കോടും പാലക്കാടും  ഒന്നാം സ്ഥാനം നേടി.

കലോത്സവത്തിനെത്തിയ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജ് വിളമ്പുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ ശ്രദ്ധേയമായി. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാന്‍ നമുക്കായി. ഏറ്റവും അധികം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ നാടിനോടാണ്, കോഴിക്കോട്ടുകാരോടാണ്. ഹലുവ പോലെ മധുരമുള്ളതാണ് നിങ്ങളുടെ സ്‌നേഹമെന്ന് മന്ത്രി പറഞ്ഞു.

മാനാഞ്ചിറയിലെ വൈദ്യത അലങ്കാരം,മഹാനായ കഥാകരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് പ്രതിഭകള്‍ നടത്തിയ യാത്ര, കാരവനില്‍ മേയറൊടൊപ്പം പ്രതിഭകള്‍ കോഴിക്കോട് നഗരം ചുറ്റിക്കണ്ടത് എന്നിവയൊക്കെ പുതുമ നിറഞ്ഞതായിരുന്നു.

ഒരു വേര്‍തിരിവും ഇല്ലാതെ ഒരുമിച്ച് നിന്നു എന്നതാണ് സംഘാടനത്തിന്റെ പ്രത്യേകത. അതിനായി ഓരോ അധ്യാപക സംഘടനകളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തി.

പതിനായിരക്കണക്കിന് പേരാണ് ഈ ദിവസങ്ങളില്‍ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഒരുപക്ഷേ ഇത്രയും ദിവസം ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകാം.അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്ന് ശിവന്‍കുട്ടി പറഞ്ഞു.

പ്രധാന വേദിയായ വിക്രം മൈതാനത്ത് പ്രൗഢഗംഭീരമായ ജനാവലിയെ സാക്ഷിനിര്‍ത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കാരസമ്പന്നമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യംകൂടി കലോത്സവത്തിനുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശന്‍ പറഞ്ഞു. കോഴിക്കോടന്‍ പെരുമ വിളിച്ചോതിയ കലോത്സവമെന്ന് 61-ാമത് കലോത്സവത്തെ വിശേഷിപ്പിച്ച അദ്ദേഹം കലോത്സവത്തെ കലയുടെ മഹോത്സവമാക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കുക എന്നതാണ് വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.

“സമയബന്ധിതമായി പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെ സ്നേഹവും ആതിഥേയ മര്യാദയും അനുഭവിച്ചാണ് കുട്ടികള്‍ ഇവിടെനിന്ന് പോകുന്നത്. കലോത്സവം വിജയമാക്കാന്‍ എല്ലാവരും ശ്രമിച്ചു. രാപകല്‍ ഇല്ലാതെ ശുചിത്വ പ്രോട്ടോകോള്‍ പാലിക്കാന്‍ അധ്വാനിച്ച ശുചിത്വ തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട്. ഓട്ടോ തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങള്‍. ഒരു പരാതിയും ഇല്ലാതെ ഭക്ഷണ കമ്മിറ്റി ഭക്ഷണം നല്‍കി. എല്ലാ കമ്മിറ്റികളും പ്രവര്‍ത്തങ്ങള്‍ ഭംഗിയാക്കി. കലോത്സവം രക്ഷിതാക്കളുടെ മത്സരം ആയില്ല. അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവം സുവനീര്‍ മേയര്‍ ബീന ഫിലിപ്പിന് നല്‍കി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. സംഘടക മികവ് കൊണ്ടും സമയകൃത്യത കൊണ്ടും ശ്രദ്ധേയമായ കലോത്സവമാണ് നടന്നത്. എല്ലാ പിന്തുണയും നല്‍കിയ കോഴിക്കോടന്‍ ജനതക്ക് അഭിവാദ്യങ്ങൾ. ഇത്ര ഭംഗിയായി കലോത്സവം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് ഗായിക കെ.എസ്. ചിത്ര പറഞ്ഞു. നന്നായി പരിശീലിച്ച് നന്നായി പെര്‍ഫോം ചെയ്യുക. ജയമായാലും തോൽവിയായാലും അത് അംഗീകരിക്കുകയെന്നും അവര്‍ പറഞ്ഞു. താന്‍ സ്‌കൂള്‍ കലോത്സവവേദിയില്‍ പാടിയ ഓടക്കുഴലി എന്ന ഗാനം ചിത്ര ഒരിക്കല്‍കൂടി ആലപിച്ചു.

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്‍, എം.പിമാരായ എം.കെ. രാഘവന്‍, എളമരം കരീം, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., മേയര്‍ ബീന ഫിലിപ്പ്, ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഢി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, വിന്ദുജ മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top