Breaking News

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.

ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി. 

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

കൗമാരത്തിൽത്തന്നെ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്‌സി സൈന്യത്തിന്റെ കോൺസൻട്രേഷൻ ക്യാംപുകളിൽ ജൂതർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. 

നിലപാടുകളുടെ കാർക്കശ്യം കൊണ്ട് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്‌ട് പതിനാറാമൻ. സ്‌ത്രീകൾ വൈദികരാകുന്നതിനും ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാൻ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയിൽ ഫിഡൽ കാസ്ട്രോയെ സന്ദർശിച്ചതിനെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്. 

ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്‌റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്‌തത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top