Breaking News

വധശിക്ഷയിൽ നിന്ന് രക്ഷിച്ച ദൈവത്തിൻ്റെ ദൂതനെ ആദ്യമായി നേരിൽ കണ്ട് ബെക്സ് കൃഷ്ണനും കുടുംബവും; ഈറനണിയിച്ച കണ്ടുമുട്ടൽ ‘എൻ്റെ കണ്മണിക്ക് ലോഗോ പ്രകാശന ചടങ്ങിൽ

കൊച്ചി: ഒരുപാട് നാളത്തെ കാത്തിരിപ്പിനും ശ്രമങ്ങൾക്കും ഒടുവിൽ വധശിക്ഷയിൽ നിന്ന് തന്നെ രക്ഷിക്കാൻ ദൈവത്തിൻ്റെ ദൂതനായി വന്ന എം എ യൂസഫലിയെ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലാണ് തൃശൂർ പുത്തൻച്ചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ. കേരളവിഷൻ്റെ കാരുണ്യ പദ്ധതിയായ എൻറെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിൽ വച്ചാണ് അബുദാബിയിലെ ജയിലിൽ കോടതി വിധിച്ച വധശിക്ഷ കാത്തു കിടന്ന തനിക്ക് പുതിയ ജീവിതം തന്ന എം എ യൂസഫലിയെ ബെക്സും കുടുംബവും നേരിട്ടു കണ്ടത്.

സന്തോഷാതിരേകത്താൽ ബെക്സിൻ്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു. “യൂസഫലി സാർ തനിക്ക് പുതിയ ജീവിതം തന്നുവെന്നു ബെക്സ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ യൂസഫലി ബെക്സിനെ ചേർത്ത് പിടിച്ചു. “ദൈവം അങ്ങനെ തോന്നിച്ചു, ഞാൻ ചെന്നു പറഞ്ഞപ്പോൾ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് അധികാരികൾ സ്വീകരിച്ചുവെന്നും യൂസഫലി മറുപടിയായി പറഞ്ഞു.

വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ
“അള്ളാ.. ഒരു മെസ്സഞ്ചറേ അയക്കണമെന്ന്” ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർത്ഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു.

ബെക്സ് കൃഷ്ണൻ്റെ ഭാര്യ വീണ, മകൻ അദ്വൈത്, കുഞ്ഞുമോളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.

കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ കേരളവിഷൻ ഫിലിം അവാർഡ് ചടങ്ങിന്റെ ഭാഗമായി നടന്ന എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിനു തൊട്ടു മുമ്പായിരുന്നു വധശിക്ഷയിൽ നിന്ന് രക്ഷിച്ച യൂസഫലിയെ ആദ്യമായി നേരിട്ട് കാണാനായി ബെക്സ് കൃഷ്ണനും കുടുംബവും എത്തിയത്.സർക്കാർ ആശുപത്രികളിൽ ജനിച്ചുവീഴുന്ന പാവപ്പെട്ട കുട്ടികൾക്ക് ബേബി കിറ്റ് നൽകുന്ന കേരളവിഷന്റെ എൻറെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതി ഏറ്റവും നല്ല ചിന്തയാണ് നടപ്പിലാക്കുന്നതെന്നും പത്മശ്രീ എം എ യൂസഫലി ലോഗോ പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു.

2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇതേതുടർന്ന് തകർന്നുപോയ കുടുംബം, ബന്ധു ടി.സി.സേതുമാധവന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. ‌അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top