Football

ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മോര്‍ഗന്‍ ഫ്രീമാനുമായി സംഭാഷണം നടത്തിയ ഈ മനുഷ്യനെ അറിയുമോ..

കാൽപന്തുകളിയുടെ ആവേശം ലോകമെങ്ങും എത്തിക്കഴിഞ്ഞു. ഖത്തറിൽ ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഖത്തര്‍ ലോകകപ്പിന്‍റെ അംബാസിഡറായ ഗാനീം അല്‍ മുഫ്‌താഹ് ആയിരുന്നു ആ താരം. നട്ടെല്ല്, കൈകാലുകള്‍, മൂത്രസഞ്ചി, കുടല്‍, എന്നിവയെല്ലാം ഉള്‍പ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. സോഷ്യല്‍ ഇന്‍ഫ്ലുവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.

ഖുര്‍ആനിലെ വാക്യങ്ങള്‍ ചൊല്ലികൊണ്ടാണ് മുഹ്താബ് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉള്‍ക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തെ ശ്രദ്ധയോടെ ശ്രവിക്കുന്ന മോര്‍ഹന്‍ ഫ്രീമാന്റെ ചിത്രങ്ങളും പലരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മുഹ്താബിന് അധിക കാലം ജീവിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ പതിനഞ്ച് വര്‍ഷവും അവരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിക്കുകയാണ്. ലോകമെമ്ബാടുമുള്ള യുവാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാതൃക കൂടിയാണ് മുഹ്താബ്.

എല്ലാ വര്‍ഷവും യൂറോപ്പില്‍ മുഫ്‌താഹ് വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയനാകാറുണ്ട്. ഭാവിയില്‍ ഒരു പാരാലിമ്പ്യനാകണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. നീന്തല്‍, സ്കൂബ ഡൈവിംഗ്, ഫുട്ബോള്‍, ഹൈക്കിംഗ്, സ്കേറ്റ്ബോര്‍ഡിംഗ് എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ ഇഷ്ട കായിക വിനോദങ്ങള്‍. സ്കൂളില്‍ വെച്ചു തന്നെ, മുഫ്താഹ് കൈകളില്‍ ഷൂസ് ധരിച്ച്‌ ഫുട്ബോള്‍ കളിക്കാറുണ്ടായിരുന്നു. പൊക്കമുള്ള മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താന്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ജബല്‍ ഷംസ് കീഴടക്കിയിട്ടുള്ള മുഫ്താഹിന് എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നും ആഗ്രഹമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മുഫ്താഫിന്റെ ഏറ്റവും വലിയ ലക്ഷ്യം ഖത്തറിന്റെ ഭാവി പ്രധാനമന്ത്രിയാകുക എന്നതാണ്. അതിലേക്കുള്ള ചുവടുവെയ്പായി പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാനും ആഗ്രഹമുണ്ട്.

തന്റെ കുടുംബത്തിന്റെ സഹായത്തോടെ ഗാനിം അസോസിയേഷന്‍ എന്ന സംഘടനും മുഫ്താഹ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമുള്ളവര്‍ക്ക് വീല്‍ചെയറുകള്‍ സംഭാവന ചെയ്യുന്നുണ്ട്. 2014-ല്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍-അഹമ്മദ് അല്‍-സബാഹ് അദ്ദേഹത്തെ ‘സമാധാനത്തിന്റെ അംബാസഡര്‍’ ആയി തിരഞ്ഞെടുത്തിരുന്നു.

ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്ബോള്‍ ഇന്നലെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ പരാജയപ്പെടുത്തി. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇതാദ്യമായാണ് ആതിഥേയ രാജ്യം പരാജയപ്പെടുന്നത്. ഇക്വഡോറിന് വേണ്ടി നായകന്‍ എന്നര്‍ വലന്‍സിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്‍റെ തോല്‍വിക്ക് വഴിയൊരുക്കിയത്. മുന്‍പ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top