Breaking News

ക്രൂരമായി മര്‍ദിച്ചു, വസ്‌ത്രം വലിച്ചുകീറി; ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി, പരാതിക്കാരിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കഴിഞ്ഞ ഒക്ടോബറില്‍ പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായകമായ വിവരങ്ങളും മൊഴിയിലുണ്ട്. മൂന്ന് അഭിഭാഷകര്‍ക്കെതിരെയാണ് പരാതിക്കാരി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

‘ഒക്ടോബര്‍ ഒന്‍പതിന് രാവിലെ ഫോണില്‍ വിളിച്ച്‌ പരാതി പിന്‍വലിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിനായി കാര്‍ അയയ്ക്കുമെന്നും വന്നില്ലെങ്കില്‍ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്നും എം എല്‍ എ ഭീഷണിപ്പെടുത്തി. കാറില്‍ കയറി യാത്ര ചെയ്യുന്നതിനിടെ പാളയത്തുനിന്ന് എം എല്‍ എയും ഇതേവാഹനത്തില്‍ കയറി. പിന്നാലെ വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍വച്ച്‌ എല്‍ദോസും മൂന്ന് അഭിഭാഷകരും ഭീഷണിപ്പെടുത്തി.ഓഫീസിലെ വാതില്‍ പൂട്ടിയിട്ട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചു. പണവും വാഗ്ദ്ധാനം ചെയ്തു. എം എല്‍ എക്കെതിരെ നല്‍കിയത് കള്ളക്കേസാണെന്ന് എഴുതിയ മുദ്രപത്രത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചു. വസ്ത്രത്തിലും മുടിയിലും പിടിച്ചുവലിച്ചു. വസ്ത്രത്തിന്റെ പുറകുവശം കീറിപ്പോയി. ഒപ്പിടുന്നതിനായി എല്‍ദോസ് ബലംപ്രയോഗിച്ചെങ്കിലും നടക്കാതെ വന്നതോടെ ഷോള്‍ ഉപയോഗിച്ച്‌ ശ്വാസം മുട്ടിക്കുകയും തറയില്‍ തള്ളിയിടുകയും ചെയ്തു. ഇതിനിടെ ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയയാള്‍ തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. എല്‍ദോസിനെ അനുസരിച്ചില്ലെങ്കില്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.

എം എല്‍ എയും മറ്റുള്ളവരും സംസാരിക്കുന്നതിനിടെ താന്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തി ഒരു ഓട്ടോയില്‍ കയറി. എന്നാല്‍ അഭിഭാഷകര്‍ ഓട്ടോ തടഞ്ഞ് തന്നെ മറ്റൊരു കാറില്‍ കയറ്റി. പിന്നീട് വഞ്ചിയൂരില്‍ നിന്ന് പലസ്ഥലങ്ങളിലേയ്ക്ക് പോവുകയും ഒരു സ്വകാര്യ ആശുപത്രിയ്ക്ക് സമീപം എത്തിയപ്പോള്‍ കാറില്‍ നിന്ന് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു’- ഇങ്ങനെയായിരുന്നു പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. എം എല്‍ എയും ഒപ്പമുണ്ടായിരുന്നവരെയും പേടിച്ചിട്ടാണ് പൊലീസിനോട് ഇക്കാര്യം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top