Breaking News

ലൈംഗിക അതിക്രമ കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്:പട്ടികവിഭാഗത്തില്‍പെട്ട എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈ.എസ്.പി ഓഫീസില്‍ എത്തി സിവിക് കീഴടങ്ങിയിരുന്നു. കോഴിക്കോട് അഡീ. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

2022 ഏപ്രില്‍ 16 നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിക്കെതിരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നു എന്നാണു പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിര്‍ന്നു എന്നാണു പ്രോസിക്യൂഷന്‍ കേസ്. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്‌ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഈ നിഗമനം റദ്ദാക്കി.

അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രിലില്‍ നടന്ന സംഭവത്തിലാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നു എന്നും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top