Breaking News

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും; സഹകരിക്കാൻ ഓസ്കോ മാരിടൈം താല്‍പ്പര്യം അറിയിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാന്‍ ഓസ്‌കോ മാരിടൈമിന് താല്‍പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കായി ജെസ്സ് ഓസ്ല്‌ലന്‍ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്‌കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു. 

ഓസ്‌കോ മറൈനു വേണ്ടി രണ്ട് ഇലക്‌ട്രിക് ബാര്‍ജുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് നിര്‍മ്മിച്ചു നല്‍കിയത്. ലോകത്ത് ആദ്യത്തെ പൂര്‍ണ്ണ ഓട്ടോമാറ്റിക്, ഇലക്‌ട്രിക് ബാര്‍ജുകള്‍ നിര്‍മ്മിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്‌കോയാണ് ചെയ്തത്. കേരളത്തില്‍ കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ജലപാതയില്‍ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാര്‍ജുകളുടെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോര്‍ട്ടനിലെ ഓസ്‌കോ മറൈന്‍ ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ച ബാര്‍ജും കണ്ടു. വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രാജേഷ് ഗോപാലകൃഷ്ണനും ജനറല്‍ മാനേജര്‍ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

നോര്‍വ്വീജിയന്‍ കമ്പനികളുടെ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ 

കേരളത്തില്‍ നിക്ഷേപ താല്‍പര്യങ്ങളുള്ള നോര്‍വ്വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച്‌ ഓസ് ലെയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അൻപത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച്‌ സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാംബിയുടെ സിഇഒ എറിക് ഫാഡ്‌സ്, എം ടി ആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.

ഹൈഡ്രജന്‍ ഇന്ധനം, ഭക്ഷ്യ സംസ്‌കരണം, മത്സ്യമേഖല, ഷിപ്പിംഗ്, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നോര്‍വ്വീജിയന്‍ കമ്പനികൾ താല്‍പര്യം പ്രകടിപ്പിച്ചു. ഈ മേഖലകളിലെ കേരളത്തിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകര്‍ സ്വാഗതം ചെയ്തു. 

സംരംഭകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, ഊര്‍ജ്ജ സെക്രട്ടറി ജ്യോതിലാല്‍ എന്നിവര്‍ മറുപടി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ബാലഭാസ്‌കറും സംസാരിച്ചു. ഇന്നവേഷന്‍ നോര്‍വ്വേയുടെ ഡയറക്ടര്‍ ഹെല്‍ജേ ട്രിറ്റി സ്വാഗതവും നോര്‍വ്വേ ഇന്ത്യന്‍ ചേംബർ ഓഫ് കോമേഴ്‌സ് ചെയര്‍ ബ്രെഡോ എറിക്‌സന്‍ നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top