Breaking News

രാത്രി നിർത്തി ഭക്ഷണം കഴിച്ചു, പിന്നാലെ അപകടം, മരിച്ച ഒൻപത് പേരെയും തിരിച്ചറിഞ്ഞു

പാലക്കാട്: പെട്ടെന്ന് ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്.ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസിനെ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പണിപ്പെട്ടെന്നും സുമേഷ് പറഞ്ഞു. വലതുഭാഗത്തുനിന്ന് പിന്നില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ജയകൃഷ്ണനും പറഞ്ഞു. 

കെഎസ്‌ആര്‍ടിസി ബസിന്റെ വലതുഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്‌ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ച്‌ കയറിയതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്‌ ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്. 

രാത്രി ഒന്‍പതിനുശേഷം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിനോദയാത്രാ സംഘം ബസ് നിര്‍ത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ പലരും വീട്ടിലേക്ക് ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകമാണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേല്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ മിക്കവരും രാത്രിതന്നെ പാലക്കാടേക്ക് യാത്ര തിരിക്കുകയായിരുന്നു. 

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ ഒൻപത് പേരാണ്  മരിച്ചത്.ഏഴു പേരുടെ നില ഗുരുതരമാണ്. ഇതില്‍ 38 പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവര്‍ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍, നെന്മാറ എവൈറ്റീസ്, ക്രസന്റ് ആശുപത്രികളിലും ചികിത്സയിലാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. കൊട്ടാരക്കര- കോയമ്ബത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു.

41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വിനോദയാത്രാ സംഘം.പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച്‌ ഉയര്‍ത്തിയപ്പോള്‍ രണ്ട്‌ അധ്യാപകരും ഒരു വിദ്യാര്‍ത്ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top