കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷത്തിന്റെ ഭാഗമായി നടന്ന നിശ്ചല ദൃശ്യം ഉൾപ്പെടെയുള്ള കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. കൂത്തമ്പലത്തിൽ വച്ച് നഗരസഭാധ്യക്ഷ രമ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മണികണ്ഠനും സ്മിനു സിജോയും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
അത്തം ഘോഷയാത്രയുടെ ഭാഗമായ നിശ്ചലദൃശ്യം മത്സരത്തിൽ പ്രകൃതിയുടെ വികൃതി ഒരുക്കി ഒന്നാംസ്ഥാനം നേടിയ ടോപ്പ് സ്റ്റാര്‍ മുളന്തുരുത്തി 20,001 രൂപയും എവർ റോളിംഗ്ട്രോഫിയും സ്വീകരിച്ചു. ചങ്ങാതിക്കൂട്ടം ഒരുക്കി രണ്ടാം സ്ഥാനം നേടിയ തെക്കുംഭാഗം 15,001 രൂപയും ട്രോഫിയും ബാഹുബലി ഒരുക്കി മൂന്നാംസ്ഥാനം നേടിയ വിപഞ്ചിക ആര്‍ട്സ് & സ്പോർട്സ് 10,001 രൂപയും ട്രോഫിയും സമ്മാനമായി സ്വീകരിച്ചു. അത്തപ്പൂക്കളം മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മഴവില്‍ ആര്‍ട്സ്, വരാപ്പുഴ 17,501 രൂപയും എവർറോളിംഗ് ട്രോഫിയും സ്വീകരിച്ചു.രണ്ടാംസ്ഥാനം നേടിയ റെഡ്സണ്‍, പള്ളൂരുത്തി 12,501 രൂപയും ട്രോഫിയും സ്വീകരിച്ചു.മൂന്നാംസ്ഥാനം നേടിയ നവോദയ, എളമക്കര 8001 രൂപയും ട്രോഫിയും സ്വീകരിച്ചു.
കലാ സാഹിത്യ മത്സരങ്ങളിൽ പ്രസംഗത്തിനും ഉപന്യാസത്തിനും ഒന്നാം സ്ഥാനം നേടിയ പ്രിൻസ് പി വർഗീസ് ( കേരളവിഷൻ ഓൺലൈൻ ) ഫലകവും സർട്ടിഫിക്കറ്റും ചലച്ചിത്ര താരങ്ങളായ മണികണ്ഠൻ, സ്മിനു സിജോ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
കലാപ്രതിഭയായ കെ കെ മണികണ്ഠനും കലാതിലകമായ ശ്വേതാ ഉണ്ണികൃഷ്ണനും ഇഎംഎസ് സ്മാരക എവറോളിംഗ് ട്രോഫി സമ്മാനിച്ചു.