Breaking News

അഞ്ച് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കോട്ടയം:ദുരിതാശ്വാസ പ്രവ‍ര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക്  അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ചിലയിടങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പ്രഫഷണല്‍ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില്‍ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GoxfxQ68lM67YOpZDtuu0h

അതേസമയം, കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് 9) മുതല്‍ ആഗസ്റ്റ്‌ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരളാ തീരത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top