Breaking News

21കാരനായ ആദത്തിന് വേണ്ടി തിരച്ചിൽ, മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു

തിരുവനന്തപുരത്ത് കേശവദാസപുരം സ്വദേശി മനോരമയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന പ്രതി 21 കാരനെന്ന് പൊലീസ്.ബംഗാള്‍ സ്വദേശിയായ ആദം അലിക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്നെത്തിയ തൊഴിലാളിയാണ് ഇയാള്‍. രണ്ടുമാസം മുമ്പാണ് ഇയാള്‍ മനോരമയുടെ വീടിന് സമീപം താമസമാക്കിയത്.

ആദം അലി അടക്കം ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പർ ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. ഇയാള്‍ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. രണ്ട് ദിവസം മുൻപ് പബ്ജിയില്‍ തോറ്റപ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചിരുന്നുവെന്നും കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടില്‍ നിന്നും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ഇവരിലേക്ക് സംശയം നീണ്ടത്. ഇതിനിടെ, ഇവിടെ താമസിച്ചിരുന്ന 21 കാരനായ ആദം അലിയെ സംഭവശേഷം കാണാതായതും സംശയം വര്‍ധിപ്പിച്ചു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവ ശേഷം ആദം അലി വിളിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം വിളിച്ചത്. പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇന്നലെ ഉച്ചയ്ക്കുശേഷം കാണാതായ മനോരമ(60)യെ രാത്രി പത്തേമുക്കാലോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപം അയല്‍വാസിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു.

മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസിന്റെ നി​ഗമനം. മോഷണശ്രമത്തിനിടെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. 60000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top